കണ്ണൂര്‍: കഴിഞ്ഞ ഒക്‌ടോബറു മുതല്‍ നിരത്തുകളില്‍ ആവര്‍ത്തിച്ചു ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. മൂന്നു മാസത്തേയ്ക്കായിരിക്കും ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണു നടപടി. ഏകദേശം ഒന്നരലക്ഷത്തോളം ലൈസന്‍സുകളാണു സംസ്ഥാനത്ത് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷയില്‍ തിരുവനന്തപുരത്തു ചേര്‍ന്നു യോഗത്തിലാണു തീരുമാനം. നാളെ മുതല്‍ സംസ്ഥാനത്തെ ആര്‍ ടി ഒ ഓഫീസുകള്‍ വഴി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു നോട്ടിസ് അയക്കാന്‍ തീരുമാനമായി. ആയിരക്കണക്കിന് ആളുകളുടെ സ്ഥിതി കഷ്ടത്തിലാകും
വാഹന ഉടമയ്ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. കുറ്റകൃത്യംനടന്ന സമയത്ത് വാഹനമോടിച്ചയാളെ ഹാജരാക്കേണ്ട ചുമതലയും ഉടമയ്ക്കുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഉടമയ്‌ക്കെതിരേ നടപടി സ്വീകരിക്കും. വാഹനാപകടങ്ങളില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകട പരിശോധനാറിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പ്രത്യേകനിര്‍ദ്ദേശം നല്‍കി. ജീവഹാനിയുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് മാത്രമാണ് മുമ്പ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി സമിതി നിര്‍ദ്ദേശിച്ചിരുന്നു.
നടപ്പാക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സമിതി കര്‍ശനനടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞ 22ന് നിര്‍ദ്ദേശം നല്‍കി. മൂന്നുമാസം കൂടുമ്പോള്‍ ഇതുസംബന്ധിച്ച വിശദറിപ്പോര്‍ട്ട് സുപ്രീംകോടതി സമിതിക്ക് സമര്‍പ്പിക്കണം. ഈ സാഹചര്യത്തിലാണ് ഇടപെടല്‍. ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗമാണു തീരുമാനം എടുത്തത്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഇതുവരെ മോട്ടോര്‍വാഹന വകുപ്പ് മൂവായിരത്തിലേറെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇന്നലത്തെ യോഗം ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അപകടത്തില്‍ മരണം സംഭവിച്ചുവെങ്കില്‍ ഒരു വര്‍ഷത്തേക്കാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ ആറു മാസവും അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു മൂന്നുമാസവുമാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. മൂന്നു പ്രാവശ്യം സസ്‌പെന്‍ഡ് ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കും.
സസ്‌പെന്‍ഡ് ചെയ്യുന്ന ലൈസന്‍സില്‍ അതു രേഖപ്പെടുത്തും. കുറ്റക്കാര്‍ക്കു ക്ലാസ് നല്‍കിയശേഷമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ജനുവരി മുതല്‍ മാര്‍ച്ചുവരെ മുന്‍വര്‍ഷങ്ങളേക്കാള്‍ അപകടങ്ങള്‍ 20% കുറഞ്ഞു. ഇത് കോടതി ഇടപടെലുണ്ടാക്കിയ മാറ്റമാണ്. ഈ ഉത്തരവ് കൂടുതല്‍ കര്‍നമാക്കുമ്പോള്‍ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തല്‍.