ശബരിമല വഴി ബിജെപിയിലേക്കുള്ള കോണ്‍ഗ്രസുകാരുടെ ഒഴുക്ക് തുടരുന്നു; പ്രമുഖ നേതാവ് സംഘപരിവാര്‍ പാളയത്തില്‍

ശബരിമല വിഷയത്തില്‍ ആകെ പതറിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൃത്യമായ നിലപാട് എടുക്കാനാകാതെ വന്നതിനാലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാടിനൊപ്പം സമര മുഖത്ത് ഇറങ്ങേണ്ടി വന്നതുമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഈ കൃത്യതയില്ലായ്മയാണ് കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നതിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ ആദ്യമായി ബിജെപിയില്‍ ചേര്‍ന്നത് ജി.രാമന്‍പിള്ളയായിരുന്നു.

രാമന്‍പിള്ളയുടെ മാതൃകയില്‍ മറ്റൊരു നേതാവ് കൂടി ബി.ജെ.പിയിലെത്തുമെന്ന് വിവരം. മുന്‍ കെ.ടി.ഡി.സി ചെയര്‍മാനും കെ.പി.സി.സി ഭാരവാഹിയുമായിരുന്ന വിജയന്‍ തോമസാണ് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം. പാര്‍ട്ടി പരിപാടികള്‍ക്കായി അമിത് ഷാ കേരളത്തില്‍ എത്തുമ്പോള്‍ വിജയന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വമെടുക്കും.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവിയുടെ ചുമതലയുണ്ടായിരുന്ന വിജയന്‍ തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ വിജയനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി അനുകൂല ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖവും കോണ്‍ഗ്രസില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിരുന്നു. നേരത്തെ 2011ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയന്‍ തോമസിന് സീറ്റ് നല്‍കാത്തത് വാര്‍ത്തായായിരുന്നു. പിന്നീട് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹത്തിന് നല്‍കി.

ബി.ജെ.പിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കന്മാര്‍ എത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു. നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സ്വാധീനമുള്ള വിജയന്‍ തോമസ് പാര്‍ട്ടിയിലെത്തിയാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Top