ബഹ്‌റ നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കി; സ്റ്റേഷനുകള്‍ പെയിന്റടിക്കാനുള്ള തീരുമാനത്തിനെതിരെ അന്വേഷണം; മടങ്ങി വരവ് ഉജ്ജ്വലമാക്കി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസില്‍ വന്‍ അഴിച്ചു പണിയോടെ ടിപി സെന്‍കുമാറിന്റെ മടങ്ങിവരവിന് തുടക്കമായി. ലോകനാഥ് ബഹ്‌റ നല്‍കിയ പല പ്രധാന ഉത്തരവുകളും റദ്ദാക്കുകയും പിന്‍വലിക്കുകയും ചെയ്തുകൊണ്ടാണ് വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് സെന്‍കുമാര്‍ നല്‍കിയിരിക്കുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാന്‍ രണ്ടു മണിക്കൂറിനിടെ രണ്ട് ഉത്തരവുമിറക്കി.

സെന്‍കുമാര്‍ വരുന്നതിനു തൊട്ടുമുന്‍പാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നു ബെഹ്‌റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും ഇതില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ എഐജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ തൊട്ടുപിന്നാലെ മാറ്റി. ഇവിടെയുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. സെന്‍കുമാര്‍ സേനയ്ക്കു പുറത്തുനില്‍ക്കുമ്പോള്‍ പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകള്‍ ആരോ വിവരാവകാശ പ്രകാരം ചോദിച്ചെന്നും അതു നല്‍കാത്തതിന്റെ പേരിലാണു മാറ്റമെന്നും പൊലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ പറയുന്നു. ഇവരെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്. പകരം, എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചു വൈകിട്ട് ഉത്തരവിറക്കി. എന്നാല്‍, അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നു പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ ഉത്തരവിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ടു മാസം മുന്‍പ്, അച്ചടക്ക നടപടിയുടെ ഭാഗമായി ഐജി സുരേഷ്‌രാജ് പുരോഹിത് പൊലീസ് ആസ്ഥാനത്തു നിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണു സുരേഷ്‌കൃഷ്ണ. ചില രഹസ്യ ഫയലുകളുടെ പകര്‍പ്പ് എടുത്തതിനെ തുടര്‍ന്നാണ് അന്നു മാറ്റിയതെന്നു വിവരമുണ്ട്. പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. ഇയാള്‍ ഓഡിറ്റിങ്ങില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ബെഹ്‌റ വെറും അന്വേഷണമാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎല്‍എയെ ഒരാള്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാനും നിര്‍ദേശം നല്‍കി. ആ ഫയല്‍ മാസങ്ങളായി പൊലീസ് ആസ്ഥാനത്തു തീരുമാനമാകാതെ ഇരിക്കുകയായിരുന്നു. 14 വര്‍ഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ഒരു കോണ്‍സ്റ്റബിളിനെ ബെഹ്‌റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി.

നിയമസഭയില്‍ പൊലീസിന്റെ ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്‌റയുടെ ഉത്തരവും റദ്ദാക്കി. സാധാരണ, പൊലീസ് മേധാവി ഫയലില്‍ ഉത്തരവിട്ടാല്‍ അദ്ദേഹത്തിനു വേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഉത്തരവിറക്കുന്നത്. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ മാറ്റി സര്‍ക്കാര്‍ തങ്ങളുടെ വിശ്വസ്തരെ നിയമിച്ചിരുന്നു. എന്നാല്‍, സെന്‍കുമാറിന്റെ ഉത്തരവുകളെല്ലാം പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം കണ്ടത്. അദ്ദേഹം നേരിട്ടാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഏതായാലും നിയമപോരാട്ടത്തിലൂടെ കിട്ടിയ അധികാരം പരമാവധി ഉപയോഗിക്കാന്‍ തന്നെയാണു സെന്‍കുമാറിന്റെ തീരുമാനം. എന്നാല്‍, രഹസ്യ സെക്ഷനിലെ അഴിച്ചുപണിക്കെതിരെ പൊലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top