യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്കു നല്‍കിയ ക്രമവിരുദ്ധമായ ഉദ്യോഗക്കയറ്റത്തിന് ഇടതുസര്‍ക്കാരിന്റെ പച്ചക്കൊടി

POLICE

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് എന്താണ്? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഡിജിപിയാക്കിയവര്‍ക്ക് പിണറായിയുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ബാര്‍ കോഴയിലെ വിവാദനായകന്‍ ശങ്കര്‍ റെഡ്ഡിയടക്കം നാല് എഡിജിപിമാരെയാണ് നിയമിച്ചത്.

ഇതോടെ സംസ്ഥാനത്ത് എട്ടു ഡിജിപിമാരായി. സര്‍വീസ് ചട്ടം അനുസരിച്ച് രണ്ടു ഡിജിപിമാരും രണ്ട് എക്‌സ് കേഡര്‍ പോസ്റ്റുമാണ് കേരളത്തിനുള്ളത്. നാലു ഡിജിപിമാരുടെ സ്ഥാനത്ത് ഇപ്പോള്‍ എട്ടുപേരായി. ചട്ടങ്ങള്‍ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെയും അക്കൌണ്ടന്റ് ജനറലിന്റെയും അംഗീകാരം ലഭിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാലത്ത് ടി പി സെന്‍കുമാറിനു പുറമെ ഡിജിപിയുടെ പദവിയുണ്ടായിരുന്നത് ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്കായിരുന്നു. ബാര്‍ കോഴയും പാറ്റൂര്‍, കടകംപള്ളി ഭൂമി തട്ടിപ്പുകളും സോളാര്‍ കേസുമൊക്കെ സര്‍ക്കാരിനെ വേട്ടയാടിയ കാലത്ത് ഇവരിലാരെയും വിജിലന്‍സ് ഡയറക്ടറാക്കാനുളള ധൈര്യം ഉമ്മന്‍ചാണ്ടിയ്ക്കുണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വസ്തനായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ നാലുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ശങ്കര്‍ റെഡ്ഡിയ്ക്കു പുറമെ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരാണ് ഡിജിപിമാരായത്. ഈ സ്ഥാനക്കയറ്റത്തിനെതിരെ ആഭ്യന്തര, ധന വകുപ്പുകള്‍ ശക്തമായ നിലപാടു സ്വീകരിച്ചുവെങ്കിലും വിലപ്പോയില്ല.

പുതിയ സര്‍ക്കാര്‍ ഇവരുടെ സ്ഥാനക്കയറ്റം അസാധുവാക്കുമെന്നാണ് കരുതിയിരുന്നത്. കേന്ദ്രസര്‍ക്കാരും എജിയും അംഗീകരിക്കാത്ത നാലുപേരുടെ കാര്യം തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയാണ് പിണറായി ചെയ്തത്. അനര്‍ഹമായി സ്ഥാനക്കയറ്റം കിട്ടിയവരെ തരംതാഴ്ത്തുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ധാര്‍മ്മികവീര്യം കെടുത്തുമെന്നും സ്ഥാനക്കയറ്റം അംഗീകരിക്കാമെന്നും കാണിച്ച് ഉപസമിതി റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നത് മറ്റു ജീവനക്കാരുടെ ധാര്‍മ്മികവീര്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന കാര്യം ഉപസമിതി അന്വേഷിച്ചിട്ടുമില്ല.

വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്. വെറും നാലുപേരില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ഥാനക്കയറ്റത്തിനല്ല സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഈ ക്രമവിരുദ്ധത താഴേത്തട്ടുവരെ പ്രതിഫലിക്കും. അതുവഴി കോടികളുടെ ബാധ്യത ഖജനാവ് ഏറ്റെടുക്കേണ്ടി വരും.

നിലവില്‍ ഡിജിപിയ്ക്ക് പ്രതിമാസം ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയോളമാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിക്കുക. എഡിജിപിയ്ക്ക് രണ്ടുലക്ഷം രൂപയും. ഈ രണ്ടു പദവികള്‍ തമ്മില്‍ ഈ വ്യത്യാസമേയുള്ളൂവെങ്കിലും നാല് എഡിജിപിമാര്‍ ഡിജിപിമാരാകുന്നതോടെ വരുന്ന ഒഴിവിലേയ്ക്ക് നാലു ഐജിമാര്‍ക്കു പ്രമോഷന്‍ ലഭിക്കും. ഐജിയുടെ ശമ്പളം പ്രതിമാസം ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയോളമാണ്. വേതനത്തില്‍ അറുപതിനായിരത്തോളം രൂപ ഒറ്റയടിക്ക് വര്‍ദ്ധിക്കുന്ന നാലു സ്ഥാനക്കയറ്റങ്ങളാണ് തൊട്ടുപിന്നാലെ ഉണ്ടാകാന്‍ പോകുന്നത്. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ശുക്രനുദിക്കുന്നത് അവര്‍ക്കായിരിക്കും. ഐപിഎസ് കേഡറിന്റെ ഏറ്റവും താഴേത്തട്ടുവരെ ഈ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റത്തിന്റെ സാമ്പത്തികബാധ്യത പ്രതിഫലിക്കും.

അതുകൊണ്ടാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയവും അക്കൌണ്ടന്റ് ജനറലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാത്തത്. എക്‌സ് കേഡര്‍ പോസ്റ്റുകള്‍ സംസ്ഥാനങ്ങള്‍ തോന്നിയതുപോലെ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സുപ്രിംകോടതിയുടെ വിധിയും നിലവിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ നാലു ഡിജിപിമാരെ വാഴിക്കാനുളള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തിനും അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ല. പക്ഷേ ഈ ക്രമവിരുദ്ധതയ്ക്ക് പച്ചക്കൊടി കാട്ടുക വഴി മറ്റു ജീവനക്കാര്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായിട്ടുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ന്യായവിരുദ്ധമായ ആവശ്യങ്ങള്‍ വകവെച്ചുകൊടുക്കുന്നവരാണ് പുതിയ മന്ത്രിമാരുമെന്ന പ്രതിച്ഛായയാണ് ഫലത്തില്‍ സൃഷ്ടിക്കപ്പെട്ടത്.

ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭിക്കുന്ന നിയമവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ക്കും സാമ്പത്തികാനുകൂല്യങ്ങള്‍ക്കും മന്ത്രിസഭാതലത്തില്‍ ലഭിക്കുന്ന അംഗീകാരം മുഴുവന്‍ ജീവനക്കാരിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ചിലര്‍ക്കു മാത്രം നിയമവും ചട്ടവും കോടതിവിധികളും ബാധകമല്ലെന്നാണ് താഴേത്തട്ടിലേയ്ക്ക് ലഭിക്കുന്ന സന്ദേശം. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഒരു വശത്ത് തകര്‍ത്തുവെച്ചു പ്രസംഗിക്കുമ്പോള്‍ മറുവശത്ത് ഇത്തരം ക്രമക്കേടുകള്‍ക്ക് അംഗീകാരം നല്‍കുകയാണ്.

Top