കാന്‍സറും ഗുരുതരമായ വൃക്കരോഗങ്ങളും വിലകൊടുത്തു വാങ്ങുന്നു…കറുവപ്പട്ടയെന്നു കരുതി ബഹുഭൂരിപക്ഷം പേരും വാങ്ങുന്നതു മാരക രോഗമുണ്ടാക്കുന്ന കാസിയ.വിദേശങ്ങളില്‍ എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ കേരളത്തില്‍ കറുവപ്പട്ടയായി ഉപയോഗിക്കുന്നു..

കോട്ടയം :കാന്‍സറും ഗുരുതരമായ വൃക്കരോഗങ്ങളും വിലകൊടുത്തു വാങ്ങുന്നു.കറുവപ്പട്ടയെന്നു കരുതി ബഹുഭൂരിപക്ഷം പേരും വാങ്ങുന്നതു മാരക രോഗമുണ്ടാക്കുന്ന കാസിയ.വിദേശങ്ങളില്‍ എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ ആണ് കേരളത്തില്‍ കറുവപ്പട്ടയായി ഉപയോഗിക്കുന്നത് .കറുവപ്പട്ടയുടെ പേരില്‍ മാരകവിഷമായ കോമറിന്‍ അടങ്ങിയ കാസിയ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൊച്ചിന്‍ കസ്റ്റംസിന്റെ സംരക്ഷണമെന്ന് ആക്ഷേപം. സംസ്ഥാനത്ത് കാസിയ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജ.പിക്ക് നല്‍കിയ കത്ത് പ്രകാരം ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് കൊച്ചിന്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നാളിതുവരെ ഇക്കാര്യത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്നും മറുപടി പോലും ലഭിച്ചില്ല. കാസിയ ഇറക്കുമതിക്കാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട അച്ചുതണ്ടാണ് സംസ്ഥാനത്ത് കാസിയ ഇറക്കുമതിക്ക് പ്രധാനമായും കുട ചൂടുന്നത്. മനുഷ്യ ജീവന് ഹാനികരമായതെന്ന് വ്യക്തമാക്കപ്പെട്ട വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം ഗരം മസാലയില്‍ ചേര്‍ത്തും തനി കറുവപ്പട്ട എന്ന പേരിലും തകൃതിയായി വിപണനം നടത്തിവരികയാണ്. അറിഞ്ഞോ അറിയാതേയോ ആയുര്‍വേദ ഔഷധങ്ങളിലും ഇത് ചേര്‍ക്കപ്പെടുന്നുണ്ട്.cinnamon
മലയാളിയുടെ സദ്യവട്ടങ്ങളില്‍ സുഗന്ധവ്യഞ്ജനക്കൂട്ടിനൊപ്പം എത്തുന്നത് ഭൂരിഭാഗവും കോമറിന്‍ എന്ന വിഷമായ കാസിയയാണ്. വിദേശങ്ങളില്‍ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ഒറ്റനോട്ടത്തില്‍ കറുവപ്പട്ടയാണെന്നേ തോന്നൂ. കാന്‍സറും ഗുരുതരമായ വൃക്കരോഗങ്ങളും കാസിയയുടെ ഉപയോഗം മൂലം ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുള്ളതായി കറുവപ്പട്ട കര്‍ഷകനായ ലിയനോര്‍ഡ് ജോണ്‍ പറയുന്നു. സാധാരണഗതിയില്‍ ഗരം മാസലയില്‍ ചേര്‍ത്തും പട്ടയായും കാസിയ മാര്‍ക്കറ്റില്‍ സുലഭമാണ്. യഥാര്‍ത്ഥ കറുവപ്പട്ടക്ക് ബ്രൗണ്‍ നിറവും നേരിയ തൊലിയുമായിരിക്കും. മിതമായ ഗന്ധം മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ. എന്നാല്‍ കാസിയ കറുപ്പു കലര്‍ന്ന പട്ടയാണ്. രൂക്ഷമായ ഗന്ധവുമുണ്ടാകും. ഇതാണ് യഥാര്‍ത്ഥ കറുവപ്പട്ടയെന്ന ധാരണയാണ് സാധാരണ വീട്ടമ്മമാരില്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ടു തന്നെ മാരകമായ ഈ കറുവപ്പട്ട ഗരം മസാലയോടൊപ്പവും പട്ട വാങ്ങിപ്പൊടിച്ചും കറികളിലും മാംസാഹാരത്തിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. അറിയാതെ മാരകരോഗത്തിലേക്ക് അടുക്കുകയാണ് ഇതിലൂടെ മലയാളി സമൂഹം.cassia
ആരോഗ്യ വകുപ്പില്‍ ചെലവഴിക്കുന്നതിന്റെ 65 ശതമാനവും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനാണ് കേരളത്തില്‍ വിനിയോഗിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യ ജീവന് ഹാനികരമാവുന്ന കോമറിന്‍ എന്ന വിഷമടങ്ങിയ വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നതിന് തടയിടാനാവുന്നില്ല. കാക്കനാട്ടേയും കോഴിക്കോട്ടേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളിലും തിരുവനന്തപുരത്തെ അനലിറ്റിക്കല്‍ ലാബിലും ജി.സി.എം.എസ് മെഷീന്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ കാസിയ പരിശോധന നടക്കുന്നില്ല. അതിനാല്‍ സംസ്ഥാനത്തെ വിപണികളില്‍ വ്യാപകമായി വിറ്റുവരുന്ന വ്യാജ കറുവപ്പട്ട ശേഖരിച്ച് മൈസൂരിലെ ലാബിലേക്കയച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കാസിയക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് കസ്റ്റംസ് വകുപ്പിന്റേയും ആദായനികുതി വകുപ്പിന്റേയും സംരക്ഷണത്തില്‍ കൊച്ചി വഴി കാസിയ ഇറക്കുമതി നിര്‍ബാധം തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയഭക്ഷ്യ സുരക്ഷാനിലവാര അതോറിററി നേരത്തെ തന്നെ കാസിയയുടെ ഇറക്കുമതി തടയണമെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വിലയിലെ വന്‍ അന്തരമാണ് കറുവപ്പട്ടക്ക് പകരം കാസിയ ഇറക്കുമതി ചെയ്യാന്‍ ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുന്നത്. ചൈന , ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് കാസിയ കേരളത്തിലേക്ക് എത്തിച്ചേരുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ് നേരത്തെ കാസിയ എത്തിച്ചേര്‍ന്നത്. അവര്‍ നിയന്ത്രണം നടപ്പാക്കിയതോടെയാണ് കൊച്ചി തുറമുഖം വഴി ഇത് എത്തുന്നത്. കസ്റ്റംസ് വകുപ്പും ആദായനികുതി വകുപ്പും ഇറക്കമതിക്കാരും ചേര്‍ന്നുള്ള കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നതെന്ന് ആരോപണം ശക്തമാണ്. അത് ശരിവെക്കും വിധം സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുമുതല്‍ പ്രാദേശിക പലചരക്കു കടകള്‍ വരെ വന്‍ തോതില്‍ ഗരം മസാലയുടേയും കറവപ്പട്ടയുടേയും പേരില്‍ കാസിയ വിപണനം ചെയ്യപ്പെടുകയാണ്

 

Top