
ഇസ്ലമാബാദ്: ജന്മദിനാഘോഷം ഒരുപാട് കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തി. പിറന്നാള്‍ ആഘോഷത്തിനിടെ വിളമ്പിയ മധുരപലഹാരം കഴിച്ച് 23പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുര പലഹാരത്തില്‍ വിഷാംശം കലര്‍ന്നിരുന്നു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. പാകിസ്താനിലാണ് സംഭവം നടന്നത്.
23പേര്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബേക്കറി ഉടമകളെയും ഒരു തൊഴിലാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുമകന്റെ ജന്മദിനത്തോടനുബന്ധിച്ച് പഞ്ചാബ് സ്വദേശിയായ ഉമര്‍ ഹയാത്ത് എന്നയാള്‍ വിതരണം ചെയ്ത മധുരപലഹാരങ്ങള്‍ കഴിച്ചവരാണ് മരിച്ചത്.
മധുരപലഹാരത്തില്‍ വിഷം കലര്‍ന്നിരുന്നുവെന്നാണ് കരുതുന്നത്. കുട്ടിയുടെ പിതാവും അമ്മാവന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മധുരപലഹാരങ്ങള്‍ വാങ്ങിയ ബേക്കറിയുടെ സമീപം കീടനാശിനി വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നുവെന്നും അത് പുതുക്കി പണിയുന്ന സമയത്ത് കീടനാശിനി ബേക്കറിയിലേക്ക് മാറ്റിയിരുന്നതായും പോലീസ് പറയുന്നു. പലഹാരം ഉണ്ടാക്കുന്നതിനിടയില്‍ കീടനാശിനികള്‍ കലര്‍ന്നതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.