ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ അമ്മ കുളിപ്പിക്കുന്നത് കല്ലുകൊണ്ട് തേച്ചുരച്ച്. ദേഹം മുഴുവന്‍ കല്ലുകൊണ്ട് മുറിഞ്ഞ കുഞ്ഞിനെ ബന്ധുവാണ് രക്ഷിച്ചത്. ബന്ധുവായ ശോഭനാ ശര്‍മ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കല്ലുകൊണ്ട് തേച്ചു കഴുകുന്നത് എന്തിനെന്ന ചോദ്യത്തിന് അമ്മയായ സുധ തിവാരി നല്‍കുന്ന ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.
വെളുപ്പിക്കാനെന്ന പേരിലാണ് ദേഹം മുഴുവന്‍ അമ്മ കറുത്ത കല്ലുകൊണ്ടുരച്ചത്. ബന്ധുവായ ശോഭനാ ശര്‍മ്മ പോലീസിനെ വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിക്കുന്നത്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയാണ് സുധ തിവാരി. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുക്കുന്നത്.
ദത്തെടുത്ത അന്ന് മുതല്‍ കുട്ടിയുടെ കറുത്ത നിറം സുധയക്ക് വലിയ പ്രശ്നമായിരുന്നു. കുട്ടിയെ വെളുപ്പിക്കാന്‍ ഇവര്‍ പല രീതിയില്‍ പരിശ്രമിച്ചു. ഒടുവില്‍ ആരോ പരഞ്ഞതനുസരിച്ചാണ് കറുത്ത കല്ല് കൊണ്ട് കുട്ടിയുടെ ദേഹത്ത് ഉരയ്ക്കാന്‍ തുടങ്ങിയത്. ഇങ്ങനെ ഉരയ്ക്കുന്നത് മൂലം കുട്ടിയുടെ കാലിലും കൈയ്യിലും തോളിലും മറ്റ് പല ഭാഗങ്ങളിലും വലിയ മുറിവുകളുണ്ടായിട്ടുണ്ടെന്ന് സുധയുടെ ബന്ധു കൂടിയായ ശോഭനാ ശര്‍മ്മ പറയുന്നു.
കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടു നില്‍ക്കാന്‍ കഴിയാതെയാണ് താന്‍ പോലീസിനെ ഫോണ്‍ വിളിച്ചറിയിച്ചതെന്ന് ശോഭന പറയുന്നു. പരിക്കുകളേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് അഞ്ച് വയസ്സായിട്ടും സുധ അവനെ സ്‌കൂളില്‍ പോലും പറഞ്ഞയക്കുന്നില്ലെന്നും ശോഭനാ ആരോപിക്കുന്നു.