കാട്ടുതീ: വനിതാ ദിനത്തിലെ ട്രെക്കിങ് ദുരന്തത്തില്‍ കലാശിച്ചു; വിവരം പുറത്തറിഞ്ഞത് വീട്ടിലേക്ക് വിളിച്ച് പറഞ്ഞതിനാല്‍

ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. പരുക്കേറ്റ പലരും ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേവികുളം ടോപ്‌സ്റ്റേഷന്റെ മറുഭാഗത്തായി കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 36 അംഗസംഘം കാട്ടുതീയില്‍ കുടുങ്ങിയത്.

15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തുപേര്‍ക്ക് സാരമായ പരിക്കുണ്ട്. പലരും ഇനിയും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. ഞായറാഴ്ച രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍നിന്നെത്തിയ 24 പേരും തിരുപ്പൂര്‍, ഈറോഡ് ഭാഗങ്ങളില്‍നിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. 25 യുവതികളും മൂന്നു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ രണ്ടു വാഹനങ്ങളില്‍ ഇവര്‍ കൊളുക്കുമലയിലെത്തി. വിദ്യാര്‍ഥികള്‍, ഐ.ടി. പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സംഘം.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ കുറങ്ങണി മലയുടെ താഴ്വാരത്തിലേക്ക് പോയത്. അഞ്ചുമണിയോടെ ആദ്യ സംഘം കുറങ്ങണിയിലെത്തി. അടുത്ത സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടര്‍ന്നു. നിമിഷനേരംകൊണ്ട് തീ വ്യാപിച്ചു. ഇതോടെ രക്ഷപ്പെടാന്‍ എല്ലാവരും ചിതറിയോടി. കടുത്ത വേനലില്‍ കരിഞ്ഞുനിന്ന പുല്ലും മരങ്ങളും വേഗത്തില്‍ കത്തിയതോടെ മിക്കവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഈ സമയത്തുണ്ടായിരുന്ന കാറ്റ് തീ വേഗം പടരാന്‍ കാരണമായി.

ഇതിനിടെ സംഘത്തിലെ ഒരാള്‍ വീട്ടില്‍ വിളിച്ച് അപകടവിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴുമണിയോടെ 15 പേരെ ബോഡിനായ്ക്കന്നൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചു. ആദ്യ സംഘത്തില്‍പ്പെട്ട അംഗങ്ങളാണിവരെന്നാണ് വിവരം.

തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ അഭ്യര്‍ഥനപ്രകാരമാണ് കോയമ്പത്തൂര്‍ സുലൂരില്‍നിന്ന് വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ രാത്രിയോടെ സ്ഥലത്തെത്തിയത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, തേനി കളക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. തേനിയില്‍നിന്ന് 20 ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും സ്ഥലത്തെത്തി. ദുര്‍ഘടമായ മേഖലയായതിനാല്‍ അപകടസ്ഥലത്തേക്ക് ഇവ എത്തുന്നതിന് പരിമിതിയുണ്ട്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം രാത്രിയും നടക്കുന്നുണ്ട്.

Top