തിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടിക്ക്. സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം. രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നല്‍കുന്നത്.
കേരളം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോയ മന്ത്രി കെ. രാജു തിരിച്ചെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. മന്ത്രിയുടെ സന്ദര്‍ശനത്തെ നേരത്തെ കാനം രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐക്കകത്ത് ശക്തമാണ്. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16-നാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്.
ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്, മന്ത്രിയെ തിരിച്ചുവിളിച്ചു. എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്തിയുണ്ടെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ജര്‍മനിയില്‍ നിന്ന് അടിയന്തരമായി തിരിച്ചുവിളിക്കപ്പെട്ട മന്ത്രി രാജു തിങ്കളാഴ്ച വൈകുന്നേരമാണ് തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അനുമതി വാങ്ങിയിട്ട് തന്നെയാണ് യാത്ര പോയതെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പ്രതികരിച്ചിരുന്നു.