കൊല്ലം: റെയില്‍വേ സ്റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അതേസമയം, ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല.
ഓപ്പറേഷന്‍ സാഗരറാണിയുടെ രണ്ടാം ഘട്ടത്തിലാണ് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ചെമ്മീനില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നിരുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ ലോഡുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിലവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം
മത്സ്യത്തില്‍ നിന്നും ഫോര്‍മാലിന്‍ കണ്ടെത്തിയെന്ന സിഫ്റ്റിന്റെ റിപ്പോര്‍ട്ട് ആന്ധ്ര പ്രദേശ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ അറിയിക്കും. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.