ചെറിയ മീന്‍ പിടിച്ചാല്‍ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാരുടെ വലയില്‍ കുടുങ്ങും

മീന്‍പിടുത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറിയുടെ നിര്‍ദേശം. മണ്‍സൂണ്‍ കാലത്തുള്ള ട്രോളിങ് നിരോധനം എല്ലാ സംസ്ഥാനങ്ങളും ഒരേ സമയത്ത് നടപ്പാക്കാനും നിര്‍ദേശമുണ്ട്. കടലില്‍നിന്ന് ഇനി 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടികൂടാന്‍ പാടില്ലെന്നും ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാരുടെ നിര്‍ദേശമുണ്ട്. സമുദ്ര മത്സ്യോത്പാദനം, വിവേകപൂര്‍വമായ ഉപയോഗം തുടങ്ങിയ മേഖലകളില്‍ കേരളം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഒരു സംസ്ഥാനം മാത്രം നടപ്പാക്കിയതുകൊണ്ട് ലക്ഷ്യം നേടാനാവില്ലെന്ന് വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചു.

ഈ യോഗത്തിലാണ് കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്. മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളില്‍ ഇത് രണ്ടുതവണയായാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉള്‍ക്കടല്‍ മീന്‍പിടിത്ത പരിശീലനം, മീന്‍കുഞ്ഞുങ്ങളെ കൊന്നുകൊണ്ടുള്ള മീന്‍പിടിക്കല്‍ തടയല്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം മത്സ്യങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള കൃത്രിമോപാധികളുടെ നിരോധനം തുടങ്ങിയവയിലും കേരളമാതൃക നടപ്പാക്കണം. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ശുപാര്‍ശചെയ്ത വലകളുടെ ഉപയോഗം, ബോട്ട് ബിള്‍ഡിങ് യാര്‍ഡുകളുടെ രജിസ്‌ട്രേഷന്‍, വല നിര്‍മാണ യൂണിറ്റുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗുണനിലവാര സമ്ബ്രദായം നടപ്പാക്കല്‍, കടലിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ സാഗരം പദ്ധതി നടപ്പാക്കല്‍, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സമ്ബ്രദായത്തിന്റെയും വെസ്സല്‍ മോണിറ്ററിങ് സമ്പ്രദായത്തിന്റെയും നിര്‍ബന്ധിത ഉപയോഗം, ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി ഹാച്ചറികളുടെ അക്രഡിറ്റേഷന്‍, ഹാര്‍ബറുകളുടെ നടത്തിപ്പിനായി പ്രത്യേക മാനേജ്‌മെന്റ് സൊസൈറ്റികള്‍ എന്നിവ സംബന്ധിച്ചുള്ള കേരളത്തിന്റെ ശുപാര്‍ശകളും നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top