ന്യൂഡല്‍ഹി: ബദ്ധവൈരികളുടെ പോരാട്ടത്തിന് വീണ്ടഒം കളമൊരുങ്ങുന്നു. ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരം നടത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ബിസിസിഐ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഇരു സൈന്യവും തമ്മിലുളള സംഘര്‍ഷം അങ്ങേയറ്റം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ നിര്‍ത്തിവച്ചതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങള്‍. ആറ് വര്‍ഷം മുന്‍പുണ്ടായ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങള്‍ക്കും വിലക്ക് വീണത്. രണ്ട് രാജ്യത്തിനുമിടയില്‍ ഇതിന് ശേഷം ഒരൊറ്റ മത്സരം പോലും ലോകകപ്പിലൊഴികെ കളിച്ചിട്ടില്ല.
ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യപാക് പോരാട്ടമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന മത്സരം. എന്നാല്‍ രാഷ്ര്ടീയമായ അഭിപ്രായ വ്യത്യാസങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടായപ്പോഴെല്ലാം പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇപ്പോഴിതാ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരം ഇനിയും നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ ബിസിസിഐ ആരാഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതില്‍ വ്യക്തത
വരുത്തണമെന്നാണ് ബിസിസിഐ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2014 ല്‍ ഒപ്പുവച്ച ഉഭയകക്ഷി കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയുളള ഈ പിന്മാറ്റത്തിന് പകരമായി ലോകത്തിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് മേല്‍നോട്ട സമതിയായ ബിസിസിഐയോട് 70 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടത്.ഐസിസിയുടെ തര്‍ക്ക പരിഹാര ഫോറത്തില്‍ ഇക്കാര്യത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലും ബിസിസിഐക്ക് നിലപാടെടുക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുളള ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ബിസിസിഐ പിന്മാറിയത്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഐസിസിയുടെ തര്‍ക്ക പരിഹാര ഫോറത്തില്‍ അഭിപ്രായം പറയേണ്ട തീയ്യതിക്ക് മുന്‍പ് ഈ വിഷയത്തിലെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര കായിക മന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കേണ്ടത്.ഐസിസി ആസ്ഥാനത്ത് ഒകേ്ടാബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള തര്‍ക്കത്തില്‍ ഐസിസി തര്‍ക്ക പരിഹാര ഫോറം വാദം കേള്‍ക്കുക.