പാകിസ്ഥാനിലും ഭക്ഷണത്തിന് വിലക്ക് വരുന്നു..!! ബിരിയാണിക്കാണ് വിലക്ക് ഏർപ്പെടുത്തുന്നത്; ക്രിക്കറ്റ് ടീമിനാണ് തങ്ങളുടെ ഇഷ്ട ഭക്ഷണം കഴിക്കാൻ കഴിയാതാകുന്നത്

കറാച്ചി: ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യക്ക് സവിശേഷ സ്ഥാനമുണ്ട്. പല രാജ്യങ്ങളും ആരോഗ്യകാരണങ്ങളാലും ജീവികളെ വംശനാശത്തിൽ നിന്നും രക്ഷപ്പെടുത്താനുമാണ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുന്നത്. ഇപ്പോൾ പാകിസ്ഥാനിലും ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

പാക്കിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങൾക്കാണ് വിലക്ക് വീണിരിക്കുന്നത്. തങ്ങളുടെ ഇഷ്ടഭക്ഷണമായ ബിരിയാണി കഴിക്കുന്നതിൽ നിന്നുമാണ് കോച്ചും ചീഫ് സിലക്ടറുമായ മിസ്ബാ ഉൽ ഹഖ് താരങ്ങളെ വിലക്കിയിരിക്കുന്നത്.  ആഭ്യന്തര ടൂർണമെന്റുകൾക്ക് ഇറങ്ങുന്ന താരങ്ങളും ദേശീയ ക്യാംപിലുള്ളവരും ഇനി മുതൽ ബിരിയാണിയും മധുരമുള്ള വിഭവങ്ങളും കഴിക്കാൻ പാടില്ലെന്നു മുൻ ക്യാപ്റ്റൻ കൂടിയായ താരം നിർദേശം നൽകി.

ഇതുൾപ്പെടെ താരങ്ങളുടെ ആരോഗ്യ പരിപാലനത്തിന് കർശന നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന പുതിയ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണയിൽ വറുത്ത മാംസവിഭവങ്ങൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അതേസമയം ബാർബിക്യൂ വിഭവങ്ങൾക്കു നിയന്ത്രണമില്ല. പഴവർഗങ്ങൾ കൂടുതലായി കഴിക്കണം. ദേശീയ ടീമിലേക്കെത്താൻ മികച്ച ശരീരക്ഷമത വേണമെന്നതിനാലാണു നിയന്ത്രണമെന്നു മിസ്ബാ പറഞ്ഞു.

പൊതുവെ ഭക്ഷണപ്രിയരായ പാക്കിസ്ഥാൻ താരങ്ങൾ ജങ്ക് ഫുഡിനോടും എണ്ണ വിഭവങ്ങളോടും ഇഷ്ടമുള്ളവരാണ്. ദേശീയ ടീമിനൊപ്പമല്ലാത്തപ്പോൾ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതായിരുന്നു പാക്ക് താരങ്ങളുടെ ഇതുവരെയുള്ള ശീലമെങ്കിൽ, അതെല്ലാം മാറ്റിമറിക്കുന്നതാണ് മിസ്ബയുടെ ഇടപെടൽ. തന്റെ നിർദ്ദേശങ്ങളോടു മുഖം തിരിക്കുന്നവരെ ദേശീയ ടീമിലേക്കു പരിഗണിക്കുക പോലുമില്ലെന്നാണ് പരിശീലകനു പുറമെ സിലക്ഷൻ കമ്മിറ്റി ചെയർമാനുമായ മിസ്ബയുടെ നിലപാട്.

Top