കണ്ണൂര്‍: പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ പോലീസ് കസ്റ്റഡിയില്‍.അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.
അതേസമയം ഫാദര്‍ റോബിന്‍ വടക്കുംചേരി ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടര്‍ ആയിരുന്നു .കണ്ണൂര്‍ പേരാവൂരിലെ നീണ്ടുനോക്കിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വൈദികന്‍ റോബിന്‍ വടക്കുംചേരിയാണ് മുന്‍പ് ദീപിക പത്രത്തിന്റെ മാനെജിങ് ഡയറക്ടറായി ജോലി നോക്കിയിരുന്നത്. 2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കല്‍-ഫാരീസ് അബുബക്കര്‍ ടീമിന്റെ കൈകളില്‍ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്.
പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുളള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പളളിവികാരി പളളിക്കുളളില്‍ നടത്തിയ പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ചൈല്‍ഡ്‌ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍കോളില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൊഴിയെടുത്തു.
ഭയംമൂലവും പള്ളിവികാരിയെ സംഭവത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയും പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യം സ്വന്തം പിതാവിന്റെ പേരാണ് പറഞ്ഞത്. മൊഴികളില്‍ ആശയക്കുഴപ്പം തോന്നിയ പൊലീസ് വിശദമായി തിരക്കിയപ്പോഴാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16കാരി കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന പള്ളിവികാരി റോബിന്‍ വടക്കുംചേരിയെ തൃശൂരില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരങ്ങള്‍. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനത്തില്‍ ഗര്‍ഭിണിയായ യുവതി രണ്ടാഴ്ച മുന്‍പാണ് പ്രസവിക്കുന്നത്.
2008ല്‍ രാഷ്ട്രദീപികയുടെ എംഡി സ്ഥാനത്ത് നിന്നുമിറങ്ങുമ്പോള്‍ ഫാ. റോബിന്‍ വടക്കുംചേരി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പ്രസക്തഭാഗം
മൂന്നു വര്‍ഷം മുമ്പാണു കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാഷ്ട്രദീപിക കമ്പനിയുടെ നേതൃത്വം അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ദീപികയുടെ നില ഭദ്രമാക്കി കത്തോലിക്കാസഭാ നേതൃത്വത്തെ എല്‍പ്പിക്കുകയെന്ന ദൗത്യത്തിനുവേണ്ടിയാണ് കേരള കത്തോലിക്കാ സഭാനേതൃത്വവും എന്റെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവും ദീപികയുടെ ചെയര്‍മാനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവും എന്നെ നിയോഗിച്ചിരുന്നത്. പിന്നീട് ചെയര്‍മാനായ ശ്രീ എം.എ. ഫാരിസ് എന്നെ ഏല്‍പ്പിച്ചതും ഇതേ ദൗത്യമായിരുന്നു. സഭാനേതൃത്വവും ദീപിക മാനേജ്‌മെന്റും ഇക്കാര്യത്തില്‍ ഒരേ താത്പര്യത്തിലായിരുന്നെങ്കിലും മറിച്ചുള്ള ചില പ്രചാരണങ്ങളും അതുനിമിത്തം ചില അസ്വസ്ഥതകളും ഉടലെടുത്തിരുന്നു. അതെല്ലാം മറികടന്നു ദീപികയെ കത്തോലിക്കാസഭ ഇപ്പോള്‍ പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം റോബിന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇരുപത് ദിവസം മുന്‍പ് കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആസ്പത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം ആസ്പത്രി അധികൃതര്‍ മൂടിവച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു.പോലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.