ന്യുഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ചിദംബരത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ സുരക്ഷ ആവശ്യപ്പെട്ട് പി.ചിദംബരം ഡൽഹി കോടതിയെ സമീപിച്ചു. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കും. സെപ്തംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.നേരത്തേ എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സി.ബി.ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
തിഹാർ ജയിലിലാണ് ചിദംബരത്തെ താമസിപ്പിക്കുക. മരുന്നുകൾ കൊണ്ടുപോകാൻ അനുമതി നൽകി. സിബിഐ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു ചിദംബരത്തെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ജയിൽ അധികൃതർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും മതിയായ സുരക്ഷയോടെ പ്രത്യേക സെൽ അനുവദിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ചിദംബരത്തിന് കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകർ കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റിന്റെ മറുപടിയാവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചു. കീഴടങ്ങൽ അപേക്ഷയിൽ 12ന് വാദം കേൾക്കും.