ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് മരണം നാലായി. 70കാരനായ പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയില്‍ എത്തിയ ആളാണ് മരിച്ചത്. മുംബൈ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 64 കാരനാണ് ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലുമായി കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരണമടഞ്ഞിരുന്നു
കോവിഡ് ബാധിച്ചവരുടെ എണ്ണം 170 കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ആന്ധ്ര, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയില്‍ മുംബൈയിലും ഉല്ലാസ് നഗറിലുമുള്ള സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയവരാണ് ഇരുവരും. മുംബൈയില്‍ കോവിഡ് കണ്ടെത്തിയ 22 കാരി ബ്രിട്ടനില്‍ നിന്നും എത്തിയതാണ്. ഉല്ലാസ് നഗറില്‍ നിന്നുള്ള 49 കാരി ദുബായില്‍ നിന്നാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 47 ആയി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
മാഹിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില തൃപ്തികരമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചെന്ന് പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.
യാത്രക്കാരില്ലാത്തതിനാലും, ജാഗ്രതയുടെ ഭാഗമായും രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കി. 84 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഇതോടെ ഇതുവരെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 168 ആയി. ഈ മാസം 31ാം തീയതി വരെയുള്ള തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്.