ലോകം കൊറോണയിൽ നടുങ്ങി!! യുവാക്കളേയും ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന, ഇന്ത്യയിൽ 271 പേർക്ക് സ്ഥിരീകരിച്ചു,185 രാജ്യങ്ങളിൽ പടർന്നുപിടിച്ചു.

ലണ്ടൻ: ലോകം കൊറോണ ഭീതിയിൽ ഞെട്ടുകയാണ് .കണക്കുകൂട്ടലുകളിലും ഭീകരമാണ് നിലവിലെ സാഹചര്യം .ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 2,75,189 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 11,383 പേരാണ് ലോകത്ത് മരിച്ചത്. ഇന്നലെ മാത്രം 1,352 പേർ മരിച്ചു. 30,256 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 91,533 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 7,765 പേരുടെ നില ഗുരുതരമാണ്. 185 രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയിൽ 195 രാജ്യങ്ങൾക്കാണ് പരമാധികാരമുള്ളതെന്നിരിക്കെ 185 രാഷ്ട്രങ്ങളിലാണ് കൊറാേണ പടർന്നത്. ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 271 ആയി. ഗുജറാത്തിലും ബംഗാളിലും നോയിഡിലും ഓരോ പുതിയ കേസ് റിപ്പോർട്ട് ചെയ്തു.

ചൈനയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും കുതിച്ചുകയറുകയാണ്. സ്‌പെയിൻ, ജർമനി, അമേരിക്ക, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം, തുർക്കി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമാണ്. ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌‌വാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് കൊറോണ വ്യാപനത്തെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു.

ഇറ്റലിയിൽ മരണം 4000

ഇറ്റലിയിൽ ഇന്നലെ മാത്രം ആറായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേരാണ് മരിച്ചത്. ബ്രിട്ടനിൽ സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടൻ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകി.

ഇറാനിൽ മരണം1433

കൊറോണ വ്യാപനത്തിൽ ഇറാനിലെ ആരോഗ്യസംവിധാനങ്ങൾ പാടേ തകർന്നിരിക്കുകയാണ്. രോഗത്തെ നിയന്ത്രണത്തിലാക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ആയിരത്തിലധികംപേർക്കാണ് രാജ്യത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഇറാനിൽ 1,237 പേർക്ക് രോഗം സ്ഥിരീകരിച്ചു.149 പേർ മരിച്ചു. 1433 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പാകിസ്ഥാനിൽ കൊറോണ രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ 47 പേർക്കുകൂടി രോഗം ബാധിച്ചതോടെ പാകിസ്ഥാനിൽ കൊറോണ ബാധിതരുടെ എണ്ണം 500 കവിഞ്ഞു. റഷ്യയിൽ 253 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്പെയിനിൽ മരണം1,041

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ സ്‌പെയിനിലും കൊറോണ മരണം നിയന്ത്രണാതീതമായി ഉയരുന്നു. സ്‌പെയിനിൽ ഇതുവരെ 1,041 പേരാണ് മരിച്ചത്. ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 210 പേരാണ്. 2335 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ സ്‌പെയിനും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതിയും സമാനമാണ്. ബൽജിയത്തിൽ ഇന്നലെ 16 പേരാണ് മരണമടഞ്ഞത്. ബൽജിയത്തിൽ അകെ മരണസംഖ്യ 462 ആയി. ചൈനയിൽ മൂന്ന് മരണവും 39 പുതിയ കേസുകളും മാത്രമാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച 80,967 പേരിൽ 71,150 പേർക്ക് ചൈനയിൽ രോഗം ഭേദമായി.

ചെറുപ്പക്കാരെയും ബാധിക്കും

കൊറോണ മൂലം ചെറുപ്പക്കാരും മരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്ക് മരണസാദ്ധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം പറഞ്ഞു. മുതിർന്നവർക്കാണ് രോഗം വരാൻ സാദ്ധ്യത കൂടുതൽ. എന്നുവച്ച് ചെറുപ്പക്കാർക്കു രോഗം വന്നുകൂടായ്കയില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവരും. ചിലപ്പോൾ മരണവും സംഭവിച്ചേക്കാമെന്ന് ടെദ്രോസ് മുന്നറിയിപ്പ് നൽകി. സാമൂഹികമായി അകലം പാലിക്കുക എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് രോഗബാധയെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമായ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.

Top