ബൈബിൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു; തന്റെ പ്രിയപ്പെട്ട വൈദികന് മുന്നില്‍ ശിരസ്സ് നമിച്ച് ശ്രീശാന്ത്

കൊച്ചി: ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സാന്ത്വനമായ വൈദികന് മുന്നില്‍ കൃതജ്ഞതയുമായി ശ്രീശാന്ത്. ഡൽഹിയിൽ സിബിസിഐയുടെ ജയിൽ മിനിസ്ട്രി വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഫാ. ജോണ്‍ പുതുവ തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനു ശ്രീശാന്തിന്‍റെ ബിസിസിഐ വിലക്ക് ഹൈക്കോടതി നീക്കിയതിന്‍റെ സന്തോഷം പങ്കിടാൻ എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോണ്‍ പുതുവ ശ്രീശാന്തിന്റെ വീട്ടില്‍ എത്തുകയായിരിന്നു.

ഇന്നലെ ശ്രീശാന്തിന്‍റെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയ ഫാ. ജോണ്‍ പുതുവയെ കാലിൽ തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് സ്വീകരിച്ചത്. തിഹാർ ജയിലിൽവച്ചു ഫാ. ജോണ്‍ പുതുവ സമ്മാനിച്ച ബൈബിൾ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം ശ്രീശാന്ത് വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് അച്ചനിൽനിന്നു കേട്ട ആശ്വാസവാക്കുകൾ പ്രചോദനമായി ഇപ്പോഴും മനസിലുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പതറാതെ മുന്നോട്ടുപോകാൻ പുതുവയയച്ചന്റെ വാക്കുകൾ സഹായകമായി. ഹൈക്കോടതി വിധി വന്നശേഷം പുതുവയച്ചനെ കാണാൻ ആഗ്രഹിച്ചിരുന്നു.

ജീവിതത്തിലെ സംഘർഷനിമിഷങ്ങളിൽ അച്ചൻ സമ്മാനിച്ച ബൈബിളും പ്രാർത്ഥനയും ആശ്വാസം പകർന്നിട്ടുണ്ട്. കലൂരിലെ സെന്‍റ് ആന്‍റണീസ് തീർത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുമ്പോഴും താന്‍ ആശ്വാസമറിയുന്നതായി ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിലേക്കു സജീവമായി തിരിച്ചുവരാനാകുമെന്ന് ഫാ. പുതുവ ശ്രീശാന്തിന് ആശംസകള്‍ നേര്‍ന്നു. ശ്രീശാന്തിനു തുടർന്നും പ്രാർത്ഥനകളും പിന്തുണയും ഉണ്ടാകുമെന്നറിയിച്ചാണു വൈദികന്‍ മടങ്ങിയത്. നിലവില്‍ തലയോലപ്പറന്പ് സെന്‍റ് ജോർജ് പള്ളി വികാരിയായി സേവനം ചെയ്യുകയാണ് ഫാ. ജോണ്‍ പുതുവ.

Top