പീഡിപ്പിക്കാന്‍ ഫാദറിന് കൂട്ടായിരുന്നവരും കുടുങ്ങും; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കാരും ആശുപത്രി അധികൃതരും അഴിക്കുള്ളിലാകും

കണ്ണൂര്‍: കൊട്ടയൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച കേസ്സില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് ഉറപ്പായി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സമാനസംഭവങ്ങള്‍ ഉണ്ടെന്നുമുള്ള ആരോപണങ്ങളെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി ഗര്‍ഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാന്‍ ഫാ. റോബിനെ സഹായിച്ചവരും ഇതോടെ അഴിയെണ്ണുമെന്ന് ഉറപ്പായി. ഇതിന് വേണ്ടിയാണ് റോബിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സഹായിച്ചവരെയെല്ലാം കേസില്‍ പ്രതികളാക്കും. മാനന്തവാടി-തലശ്ശേരി രൂപതകളിലെ കന്യാസ്ത്രീകളും പുരോഹിതരുമാണ് പ്രതിസ്ഥാനത്തേക്ക് വരുന്നത്. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാന്‍ ഇടവകയിലെ ചില പ്രമുഖര്‍ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പോസ്‌കോ നിയമപ്രകാരം കേസെടുത്തതിനാല്‍ റോബിന് വിചാരണ പൂര്‍ത്തിയായി നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനയില്‍ പിതൃത്വം ഉറപ്പിക്കാന്‍ പൊലീസിന് ആകും. കുട്ടിയുടെ അച്ഛന്‍ ഫാ റോബിനാണെന്ന് തെളിഞ്ഞാല്‍ പിന്നെ കേസില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല.

കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഫാ. റോബിന്‍ വിദേശത്തുപോകാന്‍ സഹായിച്ചിരുന്നു. ഇവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇപ്പോള്‍ അമ്മയായ പെണ്‍കുട്ടിയെ പള്ളിയില്‍വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഗര്‍ഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നല്‍കി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിന്‍ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടില്‍ നിന്ന പെണ്‍കുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ തുടര്‍അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സമാനസംഭവങ്ങള്‍ ഉണ്ടെന്നുമുള്ള ആരോപണങ്ങളെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. അതിനിടെ ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി വീട്ടിലെത്തി സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥിനിയുടെയും കുഞ്ഞിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെടുന്നതിനാല്‍ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടിയെടുക്കും.

വിദ്യാര്‍ത്ഥിനിക്കു പരീക്ഷയെഴുതണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു സൗകര്യം ഒരുക്കണമെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു. മൊഴികളും വിശദീകരണങ്ങളും പൊലീസിനു ലഭ്യമാവുകയും ആരോപണവിധേയനായ വ്യക്തി പൊലീസ് പിടിയിലാകുകയും ചെയ്തതിനാല്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ ആവശ്യമില്ലെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു.
ആശുപത്രിയും മഠവും കുടുങ്ങും

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. അവിവാഹിതയും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിനെതിരേയും അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ ഒരാഴ്ച പോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ലാ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് കാരണം. ഗൂഢാലോചനയില്‍ സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ചാണ് അന്വേഷണം. കഴിഞ്ഞദിവസം സ്ഥാപനമേധാവികളില്‍ നിന്നു പൊലീസ് പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള സൂചന.

ഫെബ്രുവരി ഏഴിനാണ് കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത +2 വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. പീഡനത്തിരയായ പെണ്‍കുട്ടിയുടെ മാതാവും അമ്മൂമ്മയും ചേര്‍ന്ന് അഞ്ചാംദിവസം ചോരക്കുഞ്ഞിനെ വൈത്തിരിയിലെ സ്ഥാപനത്തിലെത്തിച്ചതായാണ് വിവരം. എന്നാല്‍, ഇരുപതിനാണു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സി.ഡബ്ല്യു.സി)യെ കുട്ടിയെത്തിയ വിവരം അറിയിക്കുന്നത്. കമ്മിറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ കണ്ണൂര്‍ ജില്ലാ സി.ഡബ്ല്യു.സിയെയോ പൊലീസിനെയോ അറിയിക്കാതെ കുട്ടിയെ ഏറ്റടുക്കുകയായിരുന്നു.

ഫെബ്രുവരി 27ന് അര്‍ധരാത്രിയാണ് പേരാവൂരില്‍നിന്നു പൊലീസെത്തി രാത്രിയില്‍ തന്നെ കുഞ്ഞിനെ ഏറ്റെടുത്തു തുടര്‍പരിചരണം തളിപ്പറമ്പിലെ കേന്ദ്രത്തെ ഏല്‍പ്പിച്ചത്. ജില്ലയില്‍തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ട് കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലെത്തിക്കാനുള്ള കാരണവും സംഭവം സ്ഥാപനം മറച്ചുവച്ചതും സംശയമുണര്‍ത്തുന്നു. ഇതിനാലാണ് സുരക്ഷയില്‍ സന്ദേഹം പ്രകടിപ്പിച്ച് അര്‍ധരാത്രിയില്‍ കുഞ്ഞിനെ തളിപ്പറമ്പിലേക്ക് മാറ്റിയത്.വൈത്തിരിയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചപ്പോള്‍ ഒരാഴ്ചക്കകം തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പ് നല്‍കിയതായാണ് വിവരം.
സഭയിലെ പ്രമുഖരും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചു

റോബിനെ രക്ഷപ്പെടുത്താന്‍ ഗൂഢനീക്കം നടന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യന്‍ സഭയുടെ കീഴിലുള്ള വയാനട്, കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളുടെ നേതൃത്തിലാണ് കേസ് അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നത്. പ്രസവം കഴിഞ്ഞതോടെ കുഞ്ഞിനെ വയനാട് വൈത്തിരിയിലുള്ള സഭയുടെ നേതൃത്വത്തിലുള്ള ശിശുമന്ദിരത്തിലേക്ക് മാറ്റിയതും ഇതിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ആശുപത്രി അധികൃതര്‍ 24 മണിക്കൂറിനുള്ളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ പൊലീസിനെയോ അറിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആസൂത്രിതമായി കുഞ്ഞിനെ മാറ്റുകയായിരുന്നു.

ആശുപത്രിയുമായി അടുത്ത ബന്ധമുള്ള വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗമാണ് ഇതിനു നേതൃത്വം നല്കിയത്. ഭാവിയില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കേണ്ടി വരുമെന്നു മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്. ശിശുമന്ദിരത്തിലെ മറ്റു നവജാത ശിശുവുമായി കുട്ടിയെ മാറ്റിയാല്‍ കേസന്വേഷണത്തെ സാരമായി ബാധിക്കുകയും പ്രതി റോബിന് രക്ഷപ്പെടാന്‍ പഴുതുമാവും. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അടിയന്തര യോഗവും ചേര്‍ന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. റോബിനെ സഹായിക്കാന്‍ ഇടവകയിലെ പ്രമുഖരും കത്തോലിക്ക മാനേജ്മെന്റിനു കീഴിലുള്ള തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയും കൂട്ടുനിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. നിരവധി പരാതികളും ഊമക്കത്തുകളും മറ്റുമായി റോബിനെതിരെ സഭാവിശ്വാസികള്‍ മതമേലദ്ധ്യക്ഷന്മാര്‍ക്ക് നല്കിയിരുന്നു. ഇതൊന്നും ആരും ഗൗരവത്തോടെ കണ്ടില്ല.

Top