കണ്ണൂര്‍: നീണ്ടുനോക്കി ഇടവക വികാരിയായിരുന്ന റോബിന്‍ വടക്കഞ്ചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുട്ടിയെ പാര്‍പ്പിച്ച വൈത്തിരിയിലെ ഹോളി ഇന്‍ഫന്‍റ് മേരീസ് കോണ്‍വെന്‍റ് ശിശുഭവനെതിരെയും പൊലീസ് അന്വേഷണം.കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരമുള്ള സ്ഥാപനത്തില്‍ ഒരാഴ്ചപോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് സംഭവത്തിന്‍െറ ഗൂഢാലോചനയില്‍ സ്ഥാപനത്തിന്‍െറ പങ്കിനെക്കുറിച്ച് അന്വേഷണ വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതു പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സ്ഥാപനമേധാവികളില്‍നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കേസ് അന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ സുനിലും സംഘവും വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍നിന്നുമുള്ള സൂചന.
ഫെബ്രുവരി ഏഴിനാണ് കൊട്ടിയൂരുകാരിയായ പ്രായപൂര്‍ത്തിയാകാത്ത പ്ളസ്ടു വിദ്യാര്‍ഥിനി കന്യാസ്ര്തീകള്‍ നടത്തുന്ന കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രസവിച്ചത്. അഞ്ചാം ദിവസം ചോരക്കുഞ്ഞിനെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും അമ്മൂമ്മയും ചേര്‍ന്ന് വൈത്തിരിയിലെ സ്ഥാപനത്തിലത്തെിച്ചതായാണ് വിവരം. എന്നാല്‍, 20ന് ആണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയത്തെിയ വിവരം അറിയിക്കുന്നത്. സി.ഡബ്ള്യു.സിയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ കണ്ണൂര്‍ ജില്ല സി.ഡബ്ള്യു.സിയെ അറിയിക്കുകയോ, പൊലീസില്‍ അറിയിക്കുകയോ ചെയ്യാതെ കുട്ടിയെ ഏറ്റെടുത്തത് അംഗീകരിക്കുകയായിരുന്നു.
ഫെബ്രുവരി 27 ന് അര്‍ധരാത്രിയാണ് പേരാവൂരില്‍ നിന്നും പൊലീസത്തെി രാത്രിയില്‍ തന്നെ കുഞ്ഞിനെ ഏറ്റെടുത്ത് തുടര്‍ പരിചരണം തളിപ്പറമ്പിലെ കേന്ദ്രത്തിലേല്‍പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ടു കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലത്തെിക്കാനുള്ള കാരണവും വൈത്തിരിയിലെ സ്ഥാപനം സംഭവം പൊലീല്‍നിന്നും സി.ഡബ്ള്യു.സിയില്‍ നിന്നും മറച്ചുവെച്ചതും പൊലീസിന് സംശയം ജനിപ്പിച്ചിട്ടുണ്ട്.
ഇതിനാലാണ് കുഞ്ഞിന്‍െറ സുരക്ഷയില്‍ സന്ദേഹം പ്രകടിപ്പിച്ച് കുഞ്ഞിനെ അര്‍ധരാത്രിയില്‍ തളിപ്പറമ്പിലേക്ക് മാറ്റിയത്. വൈത്തിരിയിലെ സ്ഥാപനത്തില്‍ കുഞ്ഞിനെ ഏല്‍പിച്ചപ്പോള്‍ ഒരാഴ്ചക്കകം തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയതായാണ് വിവരം. എന്നാല്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ധാരണയിലത്തെിയതിനെ തുടര്‍ന്ന് കുഞ്ഞിനെ അവിടെ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. ഏതായാലും സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുള്ളവരെ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞാല്‍ മാത്രമേ ആരോപണ സ്ഥാനത്തുള്ള സ്ഥാപനത്തിന്‍െറ പങ്കിനെക്കുറിച്ച് വ്യക്തത കൈവരുകയുള്ളൂ.
അതിനിടെ വൈദികന്‍െറ വിദേശബന്ധം അന്വേഷിക്കുന്നതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്ന് പൊലീസ്.
ഇതുസംബന്ധിച്ച് ശേഖരിച്ച വിവരങ്ങള്‍ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ക്ക് കൈമാറി. ഉന്നത ബന്ധങ്ങളുള്ള വൈദികന്‍ പ്രതിയായ കേസ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദമാകാന്‍ ഇടയുള്ള സാഹചര്യത്തില്‍, പെട്ടെന്ന് അറസ്റ്റ് നടത്തിയതിന് കണ്ണൂര്‍ പൊലീസിനെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചതായി അറിയുന്നു.
ഉന്നത ബന്ധമുള്ള പ്രതി വിദേശത്തേക്ക് മുങ്ങിയിരുന്നുവെങ്കില്‍ നിയമസഭ നടക്കുമ്പോള്‍ ഏറെ കോളിളക്കത്തിനിടയാക്കുമായിരുന്നു. പൊലീസിന്‍െറ ജാഗ്രവത്തായ നടപടിയാണ് ഇതിന് തടയിട്ടത്. ചാനലിന്‍െറയും പത്രത്തിന്‍െറയും ഷെയര്‍ വാങ്ങി, രാഷ്ട്രീയ മേഖലയില്‍ പിടിപാടുണ്ടായിരുന്ന പ്രമുഖ വ്യവസായിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വൈദികനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന തരത്തില്‍ ആരോപണമുയരുന്ന സാഹചര്യമാണ് പഴുതടച്ച നടപടികളിലൂടെ പൊലീസ് ഇല്ലാതാക്കിയത്.
പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ റോബിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് . ഫാ. റോബിന്‍ വികാരിയായിരുന്ന കൊട്ടിയൂര്‍ സെന്‍ സെബാസ്റ്റ്യന്‍ പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോല്‍പ്പിക്കുന്ന സൗധമാണ്. ഓഫീസും ബെഡ്‌റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയാണ് ഫാ. റോബിന്റെ താമസസ്ഥലം.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമായി ഫാ. റോബിന്‍ സ്വന്തം മുറിയില്‍വച്ച് കംപ്യൂട്ടര്‍ പഠിപ്പിച്ചിരുന്നു. സ്‌കൂള്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്. അവധി ദിവസങ്ങളിലാണെങ്കില്‍ രാവിലെ തന്നെ എത്തും. ഇക്കാലയളവില്‍ ഫാ. റോബില്‍ കുട്ടിയെ ഉപയോഗപ്പെടുത്തുക മാത്രമല്ല, കുട്ടി വൈദികനുമായി പ്രണത്തിലാകുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.പെണ്‍കുട്ടികളോട് പ്രത്യേക സ്‌നഹവും പരിഗണനയും ഫാ. റോബിന്‍ കാട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള താന്‍ മാനേജരായ സ്‌കൂളില്‍ ഫാ. റോബിന്‍ നിത്യ സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടികളുടെ ജന്മദിനം കണ്ടുപിടിച്ച് അവരെ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ടുപോകും. തുടര്‍ന്ന് വാതിലടച്ച് പെണ്‍കുട്ടിയുടെ ബര്‍ത്ത്‌ഡേ ദിനം പ്രാര്‍ത്ഥിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ക്കായി കേക്കും ചോക്ലേറ്റും സ്വന്തം മുറിയില്‍ കരുതിയിരിക്കും.ഫാ. റോബിനു ചുറ്റും പെണ്‍കുട്ടികളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടാകുമായിരുന്നെന്നാണു പറയുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കു പുറമേ കോളജ് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എല്ലാം നല്ലതിനായിരുന്നെന്നാണു നാട്ടുകാര്‍ വിചാരിച്ചിരുന്നത്. അച്ചന്റെ ടൈപ്പിംഗും കണക്കുകൂട്ടലും അടുക്കളപ്പണിയും ക്ലീനിംഗും എല്ലാം ഇവരാണു ചെയ്തിരുന്നത്. അച്ചനെ സേവിക്കാന്‍ ഒരിക്കല്‍ പോകുന്ന കുട്ടികള്‍ പിന്നെ സ്ഥിരം എത്തുമായിരുന്നത്രേ. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പണവും വസ്ത്രവും പഠനസഹായവും എല്ലാം ഫാ. റോബിന്‍ ചെയ്തുകൊടുക്കുമായിരുന്നത്രേ.