മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ സഹപ്രവർത്തകൻ ഫാ. ഫ്രേസർ മസ്കരീനാസ് അറിയിച്ചു.
ഫാ. സ്റ്റാൻ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സഭാ അധികാരികൾക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മുംബൈയിലെ ബാന്ദ്ര സെന്റ് പീറ്റേഴ്സ് ഇടവകയിൽ നടക്കും. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തത്.
മുംബൈയിലെ ജെജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. ഫ്രേസറിനായിരിക്കും മൃതദേഹം കൈമാറുക. സംസ്കാര ശുശ്രൂഷ ബാന്ദ്ര സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. വെന്റിലേറ്ററിലായിരിക്കെ അടിയന്തര ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലായിരുന്നു അന്ത്യം.
യുഎപിഎ ചുമത്തി നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിലിലായിരുന്ന ഫാ. സ്റ്റാൻ സ്വാമിക്കു പാർക്കിൻസണ്സ് രോഗം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒടുവിൽ മേയ് 28ന് ബോംബെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ബാന്ദ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തെ തുടർന്ന് കടുത്ത പ്രതികരണങ്ങളുമായി രാജ്യത്തെ പ്രതിപക്ഷവും, വിവിധ പാർട്ടികളും നേതാക്കളും രംഗത്തെത്തി. രാജ്യത്ത് നീതി എങ്ങനെ വെന്റിലേറ്ററിലായി എന്നതിൽ ലജ്ജയും സങ്കടവുമുണ്ടെന്നാണ് തൃണമൂൽ എംപി മഹുവ മൊയ്ത്ര മരണത്തോട് പ്രതികരിച്ചത്. നിരവധി ദേശീയ നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.