കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു രൂപതയിൽ സുഖ ചികിത്സ. ബിഷപ്പ് ഫ്രാങ്കോ ഉഴിച്ചിലും പിഴിച്ചിലും നടത്തി സുഖ ചികിൽസയിൽ, മാനസീക സമ്മർദ്ദം കുറയ്ക്കാൻ ആയുർവേദ ഡോക്ടർമാർ നിർദ്ദേശിച്ചതാണിത്.
കഴിഞ്ഞ 16നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനാകുന്നത്. തുടർന്ന് തന്‍റെ രൂപതയായ ജലന്ധറിലെത്തിയ ബിഷപ്പിനെ വിശ്വാസികളും രൂപതാ നേതൃത്വവും ചേർന്ന് മാലയിട്ടാണ് സ്വീകരിച്ചത്. ജയിലിൽ നിന്നെത്തിയ ബിഷപ്പ് കൂടുതൽ കരുത്തനായതായിട്ടാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
കോടതിയുടെ കർശന നിയന്ത്രണങ്ങളുള്ളതിനാൽ പരസ്യ പ്രസ്താവനകൾക്കൊന്നും ബിഷപ്പ് മുതിരുന്നില്ല. എന്നാൽ രൂപതയുടെ കീഴിലുള്ള വിശ്രമ കേന്ദ്രത്തിൽ ബിഷപ്പ് സുഖ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം. പഞ്ച നക്ഷത്ര ഹോട്ടലിനു സമാനമായ വിശ്രമ കേന്ദ്രത്തിലാണ് ബിഷപ്പിന്‍റെ വാസമത്രേ.
മുൻപ് ബിഷപ്പ് തന്നെ പണികഴിപ്പിച്ചതാണ് ഈ മന്ദിരം. പോലീസ് കസ്റ്റഡിയിലും, ജയിലിലും നല്ല രീതിയിൽ ആയിരുന്നു ഫ്രാങ്കോ കഴിഞ്ഞത്. എന്നാൽ മാനസീക സംഘർഷത്താൽ അദ്ദേഹം ക്ഷീണിതനാണ്. ബിഷപ്പിന്‍റെ വിശ്വസ്തതർക്ക് മാത്രമാണ് മന്ദിരത്തിലേക്ക് പ്രവേശനം. രൂപതയുടെ നിയന്ത്രണങ്ങളും ഭരണവുമെല്ലാം ഇവിടെ നിന്നാണ് ഇപ്പോൾ നടത്തുന്നത്. ഡോക്ടർമാരുടെയും വൈദ്യൻമാരുടെയും നിർദേശപ്രകാരമുള്ള സുഖ ചികിത്സകളാണ് ബിഷപ്പ് ഇപ്പോൾ നടത്തുന്നത്. മാനസിക- ശാരീരിക സമ്മർദങ്ങളെ അകറ്റുന്നതിനുള്ളതാണിത്.