കന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ഭീഷണി; ബിഷപ്പ് മഠത്തിലെത്തിയതായി സൂചന; മഠത്തിന് കനത്ത സുരക്ഷ…  

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ജീവന് ഭീഷണി. പോലീസ് അതീവ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. ഇവര്‍ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മഠത്തിന് ഭീഷണിയുണ്ടെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ബിഷപ്പില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.  അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി ജലന്ധര്‍ രൂപതയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും എടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തിവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധര്‍ ബിഷപ്പ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. ബിഷപ്പിനെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ജലന്ധര്‍ രൂപതയില്‍ നിന്ന് പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അന്വേഷണം ഈ വഴിക്കും നടക്കുന്നത്. ഇവര്‍ ഏത് സാഹചര്യത്തിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞ കാലയളവില്‍ അവരോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേരാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പിന്റെ എല്ലാം കാര്യങ്ങളും അറിയാവുന്നവരാണ് ഈ രണ്ട് കന്യാസ്ത്രീകളെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ, ഇക്കാരണത്താലോ തിരുവസ്ത്രം ഉപേക്ഷിച്ചത് എന്നിവയും പോലീസ് പരിസോധിക്കുന്നുണ്ട്. ഇവര്‍ ബിഷപ്പിന് എതിരായി മൊഴിയൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന.

Top