വൈദികര്‍ക്കിടയിലും ഭിന്നത; അരമനയ്ക്കുള്ളില്‍ പോലീസിന്റെ പരിശോധന

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വിലങ്ങുവീഴുമെന്ന് ഉറപ്പായതോടെ രൂപത പ്രതിരോധത്തില്‍. ബിഷപ്പിനെ സംരക്ഷിക്കാന്‍ വിശ്വാസികളെ വിളിച്ചുകൂട്ടിയതോടെ സംശയത്തിന്റെ നിഴലിലായ രൂപതാ നേതൃത്വം ഇന്നലെ രാത്രിയോടെ വിശ്വാസികളെ തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത് അവരുടെ ഇരട്ടത്താപ്പാണെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പോലീസ് ഇന്ന് ബിഷപ്പ് ഹൗസില്‍ വരുമെന്നും എന്നാല്‍ ആരും ഇവിടേക്ക് എത്തേണ്ടതില്ലെന്നും കാണിച്ച് ഔദ്യോഗികമായി സന്ദേശങ്ങള്‍ അയച്ചു.

ഓരോരുത്തരം സ്വന്തം ഇടവക പള്ളികളില്‍ പോയി ബിഷപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് പുതിയ സന്ദേശം. വേദഉപദേശക വിഭാഗം ഡയറക്ടറുടെ പേരിലാണ് സന്ദേശങ്ങള്‍ പറക്കുന്നത്. വിശ്വാസികള്‍ ആരുംതന്നെ രൂപതാ ആസ്ഥാനത്തേക്ക് എത്തരുതെന്ന് കാണിച്ച് പി.ആര്‍.ഒയും നിര്‍ദേശം നല്‍കി. വിശ്വാസികളെ വിളിച്ചുകൂട്ടിയ വിവരം മലയാള മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇന്നലെ ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, രൂപതയിലെ ചില ജൂനിയര്‍ വൈദികര്‍ പോലീസിനെ നേരിടാന്‍ വിശ്വാസികള്‍ തയ്യാറെടുത്തിരിക്കണമെന്ന നിര്‍ദേശവും രഹസ്യമായി നല്‍കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പ് ഫ്രാങ്കോയെപോലെ അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മീഷണറീസ് ഓഫ് ജീസസ് വൈദിക സമൂഹവും പലവിധത്തിലുള്ള ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനാലാണ് ജൂനിയര്‍ വൈദികരില്‍ പലരും ആശങ്കപ്പെടുന്നത്. ആയിരം പേരെങ്കിലും രൂപതാ ആസ്ഥാനത്തിന് സമീപത്ത് എത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രൂപതാ ആസ്ഥാനത്തെ ചില മുതിര്‍ന്ന വൈദികരുടെ എതിര്‍പ്പും ബിഷപ്പ് ഫ്രാങ്കോ നേരിടുന്നുണ്ട്. ഫ്രാങ്കോയെ പരസ്യമായി എതിര്‍ക്കാതിരുന്ന പല വൈദികരും ഇന്നലെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. വിശ്വാസികളെ വിളിച്ചുകൂട്ടിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.

ഇതോടെയാണ് വിശ്വാസികളെ തിരിച്ചയക്കാന്‍ ഫ്രാങ്കോയുടെ വിശ്വസ്തര്‍  നിര്‍ബന്ധിതരായത്. പഴയ രൂപതാ വൈദികര്‍ എല്ലാം ഫ്രാങ്കോയെ എതിര്‍ക്കുമ്പോള്‍ എഫ്.എം.ജെ വൈദിക സമൂഹത്തിലെ അംഗങ്ങളാണ് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത്. അതിനിടെ, ഇന്നലെ വൈകിട്ടോടെ ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷര്‍ ഗീര്‍മീത് സിംഗ്, അസിസ്റ്റന്റ് പോലീസ് കമ്മീഷര്‍ ദല്‍ബീര്‍ സിംഗ്, ന്യൂഭണ്ഡാരി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ബല്‍ബീര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്പ് ഹൗസില്‍ കയറി പരിശോധന നടത്തിയിരുന്നു.

വൈകിട്ട് ആറു മണിയോടെ മഫ്തിയില്‍ എത്തിയ പോലീസ് സംഘം അരമനയിലെ ഓരോ മുറിയും തുറന്നുപരിശോധിച്ചുവെന്നാണ് അവിടെനിന്നുള്ള വിവരം. ബിഷപ്പിനെ സംരക്ഷിക്കാന്‍ വിശ്വാസികളെ അരമനയ്ക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനായിരുന്നു ഈ റെയ്ഡ്. ഈ സമയം അരമന വളപ്പിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികളോട് പിരിഞ്ഞുപോകാനും പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ പോലീസ് ബിഷപ്പ് ഹൗസിനു പരിസരത്ത് റോന്തുചുറ്റുന്നുണ്ടായിരുന്നു. നകോദര്‍ ടൗണ്‍, ഗഖല്‍, ദോഗ്രി എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് സ്ത്രീ പുരുഷന്മാരാണ് ഇന്നലെ പള്ളിയില്‍ എത്തിയിരുന്നത്. പഞ്ചാബ് പോലീസിന്റെ കടുത്ത നിലപാടും ഒരു വിഭാഗം വൈദികരുടെ എതിര്‍പ്പും വന്നതോടെ വിശ്വാസികളെ പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗം ഫ്രാങ്കോയ്ക്കു മുന്നിലുണ്ടായിരുന്നില്ല.

Top