കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലാണ് വൈദ്യ പരിശോധന. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനാണു നീക്കം. ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിക്കും.
എന്നാല്‍ ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടുമെന്നാണു സൂചന. ബിഷപ്പിനുവേണ്ടി അഡ്വക്കേറ്റ് ബി. രാമന്‍ പിള്ള ഹാജരാകും. നടിയെ തടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് ബി. രാമന്‍ പിള്ള. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ രാത്രി ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയത്. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.