കൊച്ചി:കന്യാസ്ത്രീ പീഡനക്കേസില്‍ കേസ് നടത്തിപ്പിന് ഫ്രാങ്കോയുടെ കുടുംബം പണം ചോദിച്ചിട്ടില്ലെന്നും ജലന്ധര്‍ രൂപത. പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോയുടെ ചെലവുകള്‍ വഹിക്കുന്നില്ലെന്ന് ജലന്ധര്‍ രൂപത. കേസ് നടത്തിപ്പിന് ഫ്രാങ്കോ സാമ്പത്തിക സഹായം ചോദിച്ചിട്ടില്ലെന്നും രൂപതയുടെ ഭരണച്ചുമതലയുള്ള ബിഷപ് ആഗ്നലോ ഗ്രേഷ്യസ് അറിയിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്കലിന്‍റെ കുടുംബം മികച്ച സാമ്പത്തിക സ്ഥിതിയുള്ളവരാണ്. ബിഷപ്പിന്‍റെ സഹോദരന്‍ ഫിലിപ്പ് മുളയ്ക്കല്‍ വ്യവസായിയാണ്. ഫ്രാങ്കോയുടെ കുടുംബം തന്നെയാണ് നിലവില്‍ കേസ് നടത്തിപ്പിനുള്ള പണം ചെലവഴിക്കുന്നത്. സാമ്പത്തിക സഹായത്തിനായി ഫ്രാങ്കോയോ കുടുംബമോ ഇതുവരെ രൂപതയെ ബന്ധപ്പെട്ടിട്ടില്ലെന്നും രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ് വ്യക്തമാക്കി. അതേസമയം, നാല് തവണ നാട്ടില്‍ പോയി വരാനുള്ള വിമാനടിക്കറ്റ് ചാര്‍ജ് വഹിച്ചത് രൂപതയാണെന്ന് അദ്ദേഹം അറിയിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ കേസ് നടത്തിപ്പിന് പണം ചോദിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരുടെ ചെലവുകള്‍ വഹിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് രൂപതയുടെ നിലപാട്.