മരണശേഷം ദൈവമായി അവതരിക്കാൻ സന്ന്യാസി ഗ്രാമവാസികളുടെ സഹായത്തോടെ സ്വന്തം സംസ്ക്കാരചടങ്ങ് നടത്തി. രാജസ്ഥാനിലെ കറോചോ കാഖേദ ഗ്രാമവാസിയായ ധീരജ് ഖരോൾ സ്വന്തം സംസ്ക്കാര ചടങ്ങ് നടത്തി. കുറച്ചുവർഷങ്ങളായി കറോചോ കാഖേദ ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം കുറച്ചുദിവസങ്ങൾക്കു മുമ്പാണ് ജീവനോടെ തന്നെ സംസ്ക്കരിക്കണമെന്ന് ഗ്രാമവാസികളോട് ആവശ്യപ്പെട്ടത്.
സംസ്ക്കാരത്തിനു ശേഷം മൂന്നാം നാൾ താൻ ദൈവമായി ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ആവേശഭരിതരായ ആളുകൾ അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. അദ്ദേഹത്തെ സംസ്ക്കരിക്കുവാൻ ക്ഷേത്രത്തിനു സമീപം കുഴി നിർമിക്കുകയും ചെയ്തു. നവരാത്രിയുടെ അന്ന് രാത്രിയാണ് അദ്ദേഹത്തെ ഗ്രാമവാസികൾ ജീവനോടെ സംസ്ക്കരിച്ചത്. ചടങ്ങിൽ പങ്കെടുക്കുവാൻ സമീപഗ്രാമത്തിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു.
ഈ സംഭവം എല്ലായിടത്തും ചർച്ചാവിഷയമാകുകയും ചെയ്തു. ഇതിനെക്കുറിച്ച് അറിഞ്ഞ പോലീസുദ്യോഗസ്ഥർ ചടങ്ങ് നിർത്തലാക്കി അദ്ദേഹത്തെ കുഴിയിൽ നിന്നും പുറത്തെത്തിക്കുവാൻ ഇവിടെയ്ക്ക് ഓടി പാഞ്ഞെത്തിയെങ്കിലും ഗ്രാമവാസികൾ ഇവരെ തടയുകയായിരുന്നു. ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് അവരെ മനസിലാക്കിയ പോലീസുദ്യോഗസ്ഥർ കുഴി തുറന്ന് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഗ്രാമവാസികൾ കുറ്റക്കാരല്ലെന്നും തന്‍റെ ആവശ്യപ്രകാരമാണ് അവർ തന്നെ സംസ്ക്കരിച്ചതെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു. എങ്കിൽ പോലും അദ്ദേഹത്തിനും ഗ്രാമവാസികൾക്കും എതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. എന്നാൽ എന്ത് കുറ്റമാണ് ഇവർക്കെതിരെ സ്വീകരിച്ചിരിക്കുന്നതെന്ന് അവ്യക്തമാണ്.