മരിച്ചവന്‍ ‘അന്ത്യയാത്ര’ക്കിടെ ഉണര്‍ന്നു ..സംസ്കരിക്കാനെടുത്ത വഴിയില്‍ 17കാരന്‍ ഉണര്‍ന്നു

ഹുബ്ബാളി: എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. മരിച്ചുവെന്ന് കരുതി സംസ്കരിക്കാനെടുത്ത വഴിയില്‍ 17കാരന്‍ ഉണര്‍ന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്കത്തെിച്ചെങ്കിലും ബാലന്‍െറ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. മാസം മുമ്പ് തെരുനായ് കടിച്ചതാണ് കര്‍ണാടകയിലെ ധാര്‍വാര്‍ഡിനടുത്തുള്ള ഗ്രാമത്തിലെ കുമാര്‍ മാര്‍വാര്‍ഡിന്‍െറ ‘മരണ’ത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച കടുത്ത പനിയെ തുടര്‍ന്ന് ധാര്‍വാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. കുമാറിന്‍െറ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍നിന്ന് പുറത്തിറക്കിയാല്‍ മരണം സംഭവിക്കുമെന്നും ചികിത്സിച്ച ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് അവര്‍ക്കു വിട്ടു. ഒടുവില്‍ വീട്ടിലേക്ക് കൊണ്ടുപോവാന്‍തന്നെ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഈ സമയത്ത് കുമാറിന്‍െറ ശ്വാസം നിലച്ചിരുന്നു. സംസ്കാരത്തിനുവേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ ബന്ധുക്കള്‍ നാട്ടുകാരെ വിളിച്ചറിയിച്ചു. ഗ്രാമത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ശവദാഹകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ കുമാര്‍ കണ്ണു തുറന്നു. കൈകാലുകള്‍ക്ക് ചലനവും കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുമാര്‍ ഇപ്പോള്‍ വെന്‍റിലേറ്ററില്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചു. ഒമ്പതാംതരത്തിനുശേഷം പഠനം നിര്‍ത്തിയ മകന്‍ തങ്ങളെ സഹായിക്കാനായി നിര്‍മാണമേഖലയില്‍ കൂലിവേല ചെയ്യുകയായിരുന്നുവെന്ന് മാതാപിതാക്കളായ നിങ്കപ്പയും മഞ്ജുളയും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top