റോഡ് പൊളിഞ്ഞോ? ഫോണില്‍ മന്ത്രിയെ നേരിട്ടു വിളിക്കാം

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പുതിയ പദ്ധതി. റോഡുകളെപ്പറ്റി നേരിട്ടു വിളിച്ചു പരാതി പറയാനുള്ള സൗകര്യമാണ് മന്ത്രി ഒരുക്കിയിരിക്കുന്നത്. 18004257771 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മന്ത്രിയോട് നേരിട്ടു പരാതി പറയാം. ഓരോ മാസത്തെയും ആദ്യത്തെ ബുധനാഴ്ച വൈകീട്ട് മൂന്നര മുതല്‍ നാലര വരെ മണി വരെ മാത്രമേ മന്ത്രിയോട് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റു ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറയാം. അവധി ദിനങ്ങളില്‍ ഈ സൗകര്യം ലഭിക്കില്ല. പരാതി സ്വീകരിച്ചു കഴിഞ്ഞാല്‍ വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ കുറിച്ചു വയ്ക്കും. പരാതിയില്‍ പറയുന്ന റോഡ് ഏത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതി നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ കൈമാറും. പരാതി പരിഹരിച്ച ശേഷം പരാതിക്കാരനെ ഈ ഉദ്യോഗസ്ഥന്‍ വിളിച്ചറിയിക്കും. പരിഹരിക്കാന്‍ കഴിയാതിരുന്നാല്‍ അതിന്റെ കാരണവും വിശദീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ 14ന് സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 16 റോഡുകള്‍ ഉടന്‍ അറ്റകുറ്റ പണി നടത്തും. ഇതിനായി കേന്ദ്രഫണ്ടില്‍ നിന്നും 215 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സുധാകരന്‍ അറിയിച്ചു.

Top