റോഡ് പണി പൂർത്തിയാക്കിയില്ല; കരാറുകാരനെതിരെ പരാതിയുമായി മന്ത്രി പോലീസ് സ്റ്റേഷനിൽ

പൊതുജനം പരാതിയുമായി പോലീസിനെയും ഭരണാധികാരികളേയും സമീപിക്കുന്നതില്‍ അസ്വാഭാവികതയൊന്നും ഇല്ല. എന്നാല്‍ മന്ത്രി പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ പോകുന്നത് ഇതാദ്യമായിട്ടാവും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. റോഡ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന് എതിരെ ആയിരുന്നു മന്ത്രിയുടെ പരാതി. കഴക്കൂട്ടം പോലീസിനാണ് കരാറുകാരനെതിരെ മന്ത്രി പരാതി നല്‍കിയത്. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരന് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് മന്ത്രി പരാതിയില്‍ ആവശ്യപ്പെടുന്നത്. ദേശീയ പാതയായ മംഗലാപുരം-കരമന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ആറ് മാസത്തേക്കാണ് സമയം അനുവദിച്ചത്. 22 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ് 7 മാസമായിട്ടും റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. 2017 മാര്‍ച്ച് 16ന് ആയിരുന്നു കരാറുകാരന്‍ പിഡബ്‌ളൂഡിയുമായി കരാറിലേര്‍പ്പെട്ടത്. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും മന്ത്രി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Top