ഗാന്ധി വധത്തിലെ മൂന്ന് പ്രതികള്‍ അപ്രത്യക്ഷരായി; രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തത, വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടു

ന്യൂഡല്‍ഹി: ഇന്നും വളരെയധികം ദുരൂഹതകള്‍ നിലനില്‍ക്കുന്ന സംഭവമാണ് മഹാത്മാഗാന്ധിവധം. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അദദേഹത്തിന്റെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബോംബ് എറിയുന്ന സംഭവം വരെയുണ്ടായി. ഇന്റലിജന്‍സുകാര്‍ സുരക്ഷ കൂട്ടണമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും മതിയായ സുരക്ഷ മാഹാത്മാവിന് ഒരുക്കിയിരുന്നില്ല എന്ന ആരോപണവും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഗാന്ധിവധവുമായും പോലീസ് അന്വേഷണവുമായും ബന്ധപ്പെട്ട പല വിവരങ്ങളും കാണാനില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതക സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ട്? അവരെ അറസ്റ്റ് ചെയ്യാന്‍ എന്തു ശ്രമമാണ് നടത്തിയത്? ഈ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത് കേന്ദ്ര വിവരാവകാശ കമ്മിഷനാണ്. ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു ഉത്തരവിട്ടു. അപ്രത്യക്ഷരായ ആ മൂന്നുപേരെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങള്‍ ഡല്‍ഹിയിലെ നാഷനല്‍ ആര്‍ക്കൈവ്‌സില്‍ ഇല്ല എന്ന കാര്യം ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചതു ഗവേഷകനായ ഒഡിഷ സ്വദേശി ഹേമന്ത് പാണ്ഡെയാണ്. ആര്‍ക്കൈവ്‌സില്‍ മറ്റു ചില സുപ്രധാന രേഖകള്‍ കൂടി കാണുന്നില്ല- ഗാന്ധിജി വധക്കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ്, മറ്റു രണ്ടുപ്രതികളെ അപ്പീലിന്റെ പുറത്തു വിട്ടയച്ചതിന്റെ വിശദാംശങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗംഗാധര്‍ ദഹാവതെ, സൂര്യദേവ് ശര്‍മ, ഗംഗാധര്‍ യാദവ് എന്നിവരെയാണ് പിടികൂടാന്‍ കഴിയാതെ പോയത്. ഇതിന്റെ വിശദാംശങ്ങള്‍ പാണ്ഡെ തേടിയപ്പോള്‍ ലഭിക്കുന്ന രേഖകള്‍ സൂക്ഷിക്കാനുള്ള അധികാരം മാത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും സമാനമായ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ആര്‍ക്കൈവ്‌സിലെ ചുമതലപ്പെട്ടവര്‍ മറുപടി നല്‍കിയത്.

ഇതോടെ വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു ആര്‍ക്കൈവ്‌സില്‍ നേരിട്ടുപോയി അന്വേഷണം നടത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം 33 പേജുള്ള ഉത്തരവില്‍ ആ മൂന്നുപേരെ പിടിക്കാനുള്ള എന്തു ശ്രമമാണ് നടത്തിയതെന്നു ഡല്‍ഹി പൊലീസ് വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനായി പാണ്ഡെയുടെ അപേക്ഷ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനു കൈമാറണം. മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണം, വിചാരണ, കേസ് ഡയറി, അന്തിമ കുറ്റപത്രം, മൂന്നുപേരെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണം.

നാഷനല്‍ ആര്‍ക്കൈവ്‌സിലേക്കു നല്‍കാത്ത രേഖകള്‍ പൊലീസിനോ ജയില്‍ അധികാരികള്‍ക്കോ കൈമാറാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട സമഗ്രമായ രേഖകള്‍ ഒരിടത്തും സമാഹരിച്ചിട്ടില്ലെന്നും കമ്മിഷണര്‍ കണ്ടെത്തി.

Top