ദില്ലി: ഓണത്തിന് എല്ലാം കൊണ്ടും മലയാളികള്‍ കഷ്ടപ്പെടും. സാധനങ്ങളുടെ വില കൂട്ടിയത് നിലനില്‍ക്കവെ പാചകവാതകത്തിനു വില വര്‍ദ്ധിപ്പിച്ചു. ഓണം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛാദിന്‍ സമ്മാനം എന്നു വേണമെങ്കില്‍ പറയാം.
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.97 രൂപയാണ് കൂട്ടിയത്. സബ്സിഡിയില്ലാത്ത പാചകവാതകത്തിന് 20.50 രൂപ കുറച്ചിട്ടുമുണ്ട്. ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ പാചകവാതകത്തിനും വില കൂട്ടിയിരിക്കുന്നത്. ഇന്നലെ പെട്രോളിന് 3.38 രൂപയും ഡീസല്‍ ലീറ്ററിന് 2.67 രൂപയും കൂട്ടിയിരുന്നു.
വില വര്‍ധിപ്പിച്ചതോടെ സബ്സിഡിയുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 425.06 രൂപയാകും വില.നേരത്തെ 423.09 രൂപയായിരുന്നു. സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറച്ചിട്ടുണ്ട്. 20 രൂപ കുറച്ച് 466.50 രൂപ കൊടുത്താല്‍ മതിയാകും. നേരത്തെ ഇത് 487 രൂപയായിരുന്നു. മണ്ണെണ്ണയുടെ വിലയും വര്‍ധിച്ചു. മണ്ണെണ്ണ വില ഓരോ മാസവും 25 പൈസ വീതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് മണ്ണെണ്ണയ്ക്ക് ലീറ്ററിന് 17.30 രൂപയാകും. വിമാന ഇന്ധനത്തിന്റെ വില ലീറ്ററിന് 1795.50 രൂപ കുറച്ചു. വിമാന ഇന്ധനത്തിന് 47,206 രൂപയ്ക്കു പകരം 45,411 രൂപ കൊടുത്താല്‍ മതിയാകും.