രാംഗഡ് : മരിച്ചുകിടക്കുന്ന മകള്‍ക്ക് അന്ത്യചുംബനം നല്‍കാന്‍ ഈ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അവള്‍ക്ക് യാത്രാമൊഴിയേകാന്‍ കഴിഞ്ഞതുമില്ല. അതിനാല്‍ വിതുമ്പലോടെ മകള്‍ക്ക് പ്രതീകാത്മക സംസ്‌കാരമൊരുക്കുകയായിരുന്നു സുമന്‍ എന്ന ഈ അമ്മ. ജാര്‍ഖണ്ഡിലെ രാംഗഡ് സ്വദേശിനിയാണ് ഇവര്‍. മകള്‍ കിരണ്‍ കുമാരി നവംബര്‍ 6 നാണ് ക്രൂര ബലാത്സംഗത്തിനിരയാക്കപ്പെട്ട ശേഷം അരുംകൊല ചെയ്യപ്പെട്ടത്. കാമുകന്‍ ആദിലും സുഹൃത്തും ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗ ത്തിനിരയാക്കിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പത്രമാധ്യമങ്ങളിലും മറ്റുമായി അറിയിപ്പും നല്‍കി. പലയിടങ്ങളിലും പോസ്റ്ററുകളും പതിച്ചെങ്കിലും വീട്ടുകാരെ കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസ് തന്നെ മൃതദേഹം സംസ്‌കരിച്ചു. അതിന് ശേഷമാണ് മകളുടെ മൃതശരീരം കണ്ടെത്തിയതായുള്ള പൊലീസിന്റെ പോസ്റ്റര്‍ അമ്മ സുമനിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇവര്‍ ഉടന്‍ പൊലീസിനെ സമീപിച്ചെങ്കിലും സംസ്‌കാരം നടന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മകളുടെ വിയോഗമറിഞ്ഞ ആ അമ്മയ്ക്ക് കരച്ചിലടക്കനായില്ല. മകളെ അവസാനമായി ഒരു നോക്കുകാണാന്‍ സാധിക്കാത്ത ഹതഭാഗ്യയായ ആ അമ്മ വിങ്ങിപ്പൊട്ടി. ആദിലുമായി മകള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ഇയാള്‍ മകളോടൊപ്പം വീട്ടില്‍ വന്നിട്ടുണ്ടെന്നും സുമന്‍ പിന്നീട് മൊഴി നല്‍കുകയും ചെയ്തു. മകള്‍ക്ക് ഉചിതമായ യാത്രാമൊഴി നല്‍കാന്‍ സാധിക്കാത്തതിന്റെ ദുഖം അവരില്‍ നിഴലിച്ചിരുന്നു. ഇതോടെയാണ് പ്രതീകാത്മക സംസ്‌കാരം നടത്താന്‍ അവര്‍ ആലോചിച്ചത്. അതിനായി മകളുടെ മൃതശരീരത്തിന്റെ ഡമ്മി കെട്ടിയുണ്ടാക്കി. തുടര്‍ന്ന് അതിന്റെ തലയ്ക്കല്‍ മകളുടെ ഫോട്ടോയും വെച്ചു.ചന്ദനത്തിരിയടക്കം കത്തിച്ചുവെയ്ക്കുകയും ചെയ്താണ് അവള്‍ക്ക് യാത്രാമൊഴിയേകിയത്.