തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത് എന്തുകൊണ്ടും ശരിയായ നടപടിയെന്ന് ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍. മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചാണ് ഷാഫി മേത്തര്‍ രംഗത്തെത്തിയത്.
സാമ്പത്തിക ശാസ്ത്ര മേഖലയില്‍ വ്യക്തിമുദ്ര പതിച്ച പ്രൊഫ. ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് പിണറായി വിജയനെടുത്ത ധീരമായ നിലപാടാണെന്നും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ ഷാഫി മേത്തര്‍ പറയുന്നു. കേരളത്തിന്റെ നന്മയ്ക്കായി എടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസുകാര്‍ എന്തിന് ഭയക്കണമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ഗീതയെ നിയമിച്ചതിനെതിരെ രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും ലേഖനത്തില്‍ ഷാഫി മേത്തര്‍ വിമര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ എന്തും വിവാദമാക്കുകയാണ്. ഗീത എന്തു മാറ്റമാണു കൊണ്ടുവരാന്‍ പോകുന്നതെന്നു സുധീരന്‍ ചോദിക്കുന്നതു ടിവിയില്‍ കണ്ടു. അവര്‍ ഒരുമാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ല. കേരളത്തിന്റെ നന്മയ്ക്കായുള്ള അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ശരിയായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും എടുത്താല്‍ കേരളത്തിനു പുരോഗമനകരമായ മാറ്റങ്ങള്‍ വന്നേക്കാം.
ഗീതയുടെ നവ ലിബറല്‍ കാഴ്ചപ്പാടിനെക്കുറിച്ചു ചില കോണ്‍ഗ്രസുകാര്‍ വ്യാകുലപ്പെടുന്നു. നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത് ഇതേ നവ ലിബറല്‍ നയങ്ങള്‍ തന്നെയല്ലേ? സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന നവ ലിബറല്‍ നയങ്ങളും താഴേത്തട്ടിലുള്ളവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സോഷ്യലിസ്റ്റ് നയങ്ങളും സംയോജിപ്പിച്ചു കൊണ്ടുപോകുകയല്ലേ വേണ്ടത്? ഒന്നും ചെയ്യാത്തവര്‍, അല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ സമ്മതിക്കാത്തവര്‍ ഹീറോകള്‍ ആകുന്ന സാമൂഹിക അന്തരീക്ഷമാണ് ഇന്നു കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ഏറ്റവും നല്ല സാമ്പത്തികശാസ്ത്ര ഉപദേശം ലഭിക്കാന്‍ നാം എന്തിനു തടസ്സം നില്‍ക്കണമെന്നും ഷാഫി മേത്തര്‍ ചോദിക്കുന്നു.
ഹാര്‍വഡ് സര്‍വകലാശാലയിലെ ജോണ്‍ എഫ്. കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ മേസണ്‍ ഫെലോയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിസിറ്റിങ് ലക്ചററുമായ ഷാഫി മേത്തര്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.