രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിന്റെ സൂചന; വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍ രംഗത്ത്‌

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോട് കൂടി രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്ത്യനാളുകള്‍ അടുത്തെന്ന നിലയിലുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. ബിഹാറിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തിലെങ്കിലും പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. വിമര്‍ശനം ഉന്നയിക്കാന്‍ പാര്‍ട്ടി വേദികളില്‍ ഇടമില്ലാത്തതിനാലാണ് ഇത്തരത്തില്‍ തുറന്ന സംവാദം നടത്തുന്നതെന്നാണ് കപില്‍ സിബല്‍ പറഞ്ഞിരിക്കുന്നത്.

ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് കിട്ടിയത്. മഹാസഖ്യത്തിന് 110 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 75 സീറ്റുകൾ നേടി ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 125 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 27 ഇടത്ത് വിജയിക്കാന്‍ സാധിച്ചിരുന്നു. ഇവിടെ നിന്നാണ് വെറും 19 സീറ്റിലേക്ക് പാര്‍ട്ടി കൂപ്പുകുത്തിയിരിക്കുന്നത്. ഭാവി തെരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയായാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ വിലയിരുത്തുന്നത്.

Top