തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി:നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. രാവിലെ 11നും ഉച്ചക്ക് മൂന്നിനുമിടെ വരണാധികാരികള്‍ മുമ്പാകെ സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം ചെയ്യുന്ന ആളോ നേരിട്ട് പത്രിക സമര്‍പ്പിക്കാം. മൂന്നു മണിക്ക് ശേഷം കിട്ടുന്ന പത്രികകള്‍ സ്വീകരിക്കില്ല. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് പത്രികകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 14വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 15ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 17. എല്ലാ വരണാധികാരികളുടെ പക്കലും തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റിലും (www.sec.kerala.gov.in) നാമനിര്‍ദേശ പത്രികാ ഫോറം ലഭിക്കും.

ഗ്രാമപഞ്ചായത്തില്‍ 1000 രൂപയാണ് പത്രികക്കൊപ്പം നല്‍കേണ്ട നിക്ഷേപത്തുക. ബ്ളോക് വാര്‍ഡുകളിലേക്ക് 2000വും ജില്ലാപഞ്ചായത്ത് വര്‍ഡുകളിലേക്ക് 3000 രൂപയുമാണ്. മുനിസിപ്പല്‍ വാര്‍ഡുകളിലേക്ക് 2000വും കോര്‍പറേഷന്‍ വാര്‍ഡുകളിലേക്ക് 3000രൂപയും. പട്ടിക വിഭാഗത്തില്‍പെടുന്നവര്‍ക്ക് പകുതിതുക മതി. ഒരു സ്ഥാനാര്‍ഥി ഒന്നിലേറെ പത്രിക നല്‍കുകയാണെങ്കില്‍ ഒരു പത്രികക്കുള്ള നിക്ഷേപം മതിയാകും. പത്രിക നല്‍കാന്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം.
നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍, സ്വത്ത് വിവരം, ബാധ്യതകള്‍ എന്നിവയും നല്‍കണം. ഗ്രാമ^ബ്ളോക്^ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരാള്‍ക്ക് മത്സരിക്കാം. ജയിച്ചാല്‍ 15 ദിവസത്തിനകം ഏതാണ് നിലനിര്‍ത്തുന്നതെന്ന് വ്യക്തമാക്കണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ശ്രദ്ധിച്ച് പൂരിപ്പിക്കണം. നിസാര തെറ്റുകള്‍ അവഗണിക്കുമെങ്കിലും സുപ്രധാന കാര്യങ്ങളില്‍ പിഴവ് വന്നാല്‍ തള്ളും. ലഭിക്കുന്ന എല്ലാ പത്രികകളും പരിശോധിക്കും. ഒരു സ്ഥാനാര്‍ഥിയുടെ ഒരു പത്രിക സ്വീകരിച്ചെന്നതു കൊണ്ട് ബാക്കിയുള്ളവ പരിശോധിക്കാതിരിക്കില്ല. സൂക്ഷ്മ പരിശോധന നടത്തുക റിട്ടേണിങ് ഓഫിസര്‍ തന്നെയായിരിക്കും. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ റിട്ടേണിങ് ഓഫിസര്‍ക്ക് കഴിയാതെ വന്നാലേ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ സൂക്ഷ്മ പരിശോധന നടത്തൂ. സൂക്ഷ്മ പരിശോധനാ സ്ഥലത്ത് സ്ഥാനാര്‍ഥിയെയും തെരഞ്ഞെടുപ്പ് ഏജന്‍റിനെയും സ്ഥാനാര്‍ഥി ആവശ്യപ്പെടുന്ന മറ്റൊരാളെയുമേ അനുവദിക്കൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top