കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി എം.പി ടൗൺ ഹാളിലെത്തി ആദരമർപ്പിച്ചു. പാലാരിവട്ടത്തെ വീട്ടിലും എറണാകുളം ഡി.സി.സി ഓഫീസായ ചൈതന്യയിലും പൊതുദർശനത്തിനു ശേഷമാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ മൃതദേഹം ടൗൺ ഹാളിലെത്തിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നടൻ മമ്മൂട്ടി അടക്കമുള്ളവർ വീട്ടിലെത്തി ആദരമർപ്പിച്ചു. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടു പോകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിലെത്തി ആദരമർപ്പിക്കും. പൊതുദർശനം പൂർത്തിയാക്കി വൈകീട്ട് 5.30ന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിർത്തിയിൽ ജില്ല കലക്ടറും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാലാ, ഇടുക്കി ബിഷപ്പുമാർ ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ ഏഴോടെ മൃതദേഹം ഇടുക്കി ഡി.സി.സിയിൽ നിന്ന് വിലാപയാത്രയായി തൊടുപുഴയിലേക്ക് തിരിച്ചു. തൊടുപുഴ രാജീവ് ഭവനിൽ പൊതുദർശനത്തിന് വെച്ചു. പി.ടി.തോമസിൻറെ വിലാപയാത്ര ഒമ്പത് മണിയോടെ മൂവാറ്റുപുഴ നെഹൃ പാർക്കിൽ എത്തിചേർന്നു. ഡീൻ കുര്യാക്കോസ് എം.പി., ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ.എന്നിവർ പി.ടി.യുടെ കുടുംബാംഗങ്ങളോടൊപ്പം അനുഗമിച്ചു.
എം.എൽ.എ.മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ എം.എൽ എ മാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ബലറാം, മുനിസിപ്പൽ ചെയർമാൻമാരായ പി.പി. എൽദോസ്, ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ) വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ എ. മുഹമ്മദ് ബഷീർ, അഡ്വ. കെ.എം. സലിം, കെ.എം. അബ്ദുൾ മജീദ്, പി.പി. ഉത്യുപ്പാൻ, കെ.പി. ബാബു, മേരി ജോർജ്, പി.എസ്. സലിം ഹാജി, ജോസ് പെരുമ്പിള്ളിൽ, ജോയി മാളിയേക്കൽ പി.എ. ബഷീർ, എം.എം. സീതി, ഡോളി കുര്യാക്കോസ്, സിനി ജോർജ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.