എമ്പുരാൻ‌ നിർമാതാക്കളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്‌ഡ്; തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് .ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്‌സ്മെൻ്റ്

ചെന്നൈ: എമ്പുരാൻ സിനിമയുടെ നിർമാതാവ് വ്യവസായി ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളിൽ നിന്ന് സൂചന . വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം ഫെമ ചട്ടം കേന്ദ്രീകരിച്ചെന്നാണ് ഇഡി വിശദീകരിക്കുന്നത്. 450 കോടിയോളം രൂപയുടെ വിദേശ ഇടപാട് തിരിച്ചറിഞ്ഞുവെന്നും ഒരാഴ്ചത്തെ പരിശോധന കൊണ്ടേ കണക്കുകളിൽ വ്യക്തത വരൂവെന്നുമാണ് ഇഡി പറയുന്നത്. ഗോകുലം ഗോപാലന്റെ കമ്പനികളിലേക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട്, ഇവിടെ നിന്ന് വിദേശത്തേക്കും പണം കൈമാറിയിട്ടുണ്ട്. ഇത് ഫെമ ചട്ടങ്ങളുടെ ലംഘനമെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഒപ്പം വിദേശത്ത് നിന്ന് എത്തിയ പണം സിനിമ നിർമ്മാണത്തിനടക്കം ഉപയോഗിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടായിരുന്ന ഗോകുലം ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന.

ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയിൽ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് 24 കട്ടുകൾ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ അന്ന് പ്രതികരിച്ചിരുന്നു.

 

Top