സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 700 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് മാത്രം പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. അതേസമയം 4400 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ രണ്ടുദിവസമായി 35,280 രൂപയായിരുന്നു പവന് വില. എന്നാൽ ആഗോള വിപണിയിൽ ഡോളർ കരുത്തുനേടിയതോടെ സ്വർണവിലയെ ബാധിക്കുകയായിരുന്നു. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.

ഇതിന് പുറമെ രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയായി. സ്വർണ്ണത്തിന് പുറമെ വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

ഈ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്.

Top