ഡോ.മാത്യു കുഴൽ നാടൻ
സ്വർണക്കടത്ത് കേസ് ഇതിനോടകം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.ഈ കേസിലെ യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടു വരുവാനോ ശിക്ഷിക്കുവാനോ ഉള്ള സാധ്യത കുറവാണെന്ന ബോധ്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തുടക്കം മുതലേ ഈ കേസിലെ പാകപ്പിഴകൾ വ്യക്തമാണ്. കള്ളക്കടത്ത്സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അത് തുറന്നു പരിശോധിക്കാൻ 2 ദിവസത്തിലേറെ എടുത്തു എന്നു മാത്രമല്ല, വിദേശകാര്യ വകുപ്പിലെ ഉന്നതങ്ങളിൽ നിന്നും അനുമതി അടക്കം സമ്പാദിക്കേണ്ടി വന്നു. ആ ഘട്ടത്തിൽ തന്നെ കുറ്റകൃത്യത്തിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന ബന്ധം വ്യക്തമായതാണ്. എന്നാൽ പിന്നീടങ്ങോട്ട് എന്താണ് നടന്നത്?.
യഥാർത്ഥത്തിൽ ഈ കേസിൽ ഉണ്ടാകേണ്ടിയിരുന്നത് സിബിഐ അന്വേഷണമാണ്. എല്ലാവരും പ്രതീക്ഷിച്ചത് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിക്കും എന്നാണ്. പ്രതിപക്ഷം ഈ ആവശ്യം സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചെങ്കിലും സർക്കാരും ആ ആവശ്യം ഉന്നയിക്കാൻ തയ്യാറായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഈ കേസിൽ എൻഐഎ യുടെ അന്വേഷണം പ്രഖ്യാപിച്ചത്.
എൻഐഎ അന്വേഷണം പ്രഖ്യാപിക്കുന്നത്തിലൂടെ കേന്ദ്രം എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. വ്യക്തമായ തെളിവുകളോ സൂചനകളോ ഇല്ലാതെ എൻഐഎയെ ധൃതിപിടിച്ച് അന്വേഷണം കൈമാറിയത് എന്തിനാണ് എന്നറിയില്ല. കേരളം തീവ്രവാദികളുടെ താവളമാണ് എന്ന് സ്ഥാപിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ വ്യഗ്രതയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ? രാജ്യദ്രോഹ കുറ്റങ്ങൾ, തീവ്രവാദ സ്വഭാവമുള്ള കുറ്റങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കാവുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് എൻഐഎ അന്വേഷണ പരിധിയിൽ വരിക. മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വേളയിൽ അതുമായി ചേർന്നുവരുന്ന ഇതര കുറ്റകൃത്യങ്ങളും വേണമെങ്കിൽ അന്വേഷിക്കാം എന്നാണ് ആക്ട് പറയുന്നത്. എന്നിരിക്കെ എൻഐഎ അന്വേഷിക്കുന്ന കുറ്റകൃത്യത്തിൽ മേൽപ്പറഞ്ഞ ഇൻഗ്രീഡിയൻസ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യ ദിനം കോടതിയിൽ ജാമ്യഹർജി എതിർക്കുമ്പോൾ, പ്രതികൾ തീവ്രവാദ പ്രവർത്തനത്തിന് ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട് എന്ന് ബോധിപ്പിക്കുകയുണ്ടായി. അതിൽ അതിശയോക്തിയില്ല. എന്നാൽ പിന്നീട് അങ്ങോട്ട് അത് സംബന്ധിച്ച് കൂടുതൽ തെളിവുകളോ കണ്ടെത്തലുകളോ പുറത്തുവന്നിട്ടില്ല എന്നതാണ് വാസ്തവം.
സ്വർണ്ണക്കടത്തിനായി യുഎഇ കോൺസുലേറ്റിനെ ഉപയോഗപ്പെടുത്തി എന്ന വാർത്ത വന്ന സമയത്ത് തന്നെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും യുഎഇ പ്രഖ്യാപിച്ചിരുന്നു. ഒരു സാമ്പത്തിക കുറ്റകൃത്യം എന്ന നിലയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോയിരുന്നെങ്കിൽ ഒരുപക്ഷേ യുഎഇയുടെ പൂർണ്ണ സഹകരണം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നു. എന്നാൽ ഒരു രാജ്യദ്രോഹക്കുറ്റം തീവ്രവാദ ബന്ധം എന്ന നിലയ്ക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോയാൽ യുഎഇ എന്നല്ല ഒരു രാജ്യവും അതുമായി സഹകരിക്കാൻ തയ്യാറാകില്ല. കാരണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആ രാജ്യത്തിന്റെ കോൺസുലേറ്റ് ഉപയോഗപ്പെടുത്തി എന്നു പറയുന്നത് ആ രാജ്യം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്ന നിലയിലാവും വിലയിരുത്തപ്പെടുക. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പിൽ അങ്ങനെ ഒരു ദുഷ്പേര് കേൾക്കാൻ ഒരു രാജ്യവും തയ്യാറാവില്ല.
മറ്റൊരു കാര്യം തീവ്രവാദ പ്രവർത്തനത്തിന്റെയോ രാജ്യദ്രോഹ പ്രവർത്തനത്തിന്റെയോ ശക്തമായ തെളിവ് ലഭിച്ചിരുന്നു എങ്കിൽ ഒരു കാരണവശാലും അറ്റാഷയെ രാജ്യം വിടാൻ അനുവദിക്കാൻ പാടില്ലായിരുന്നു. അതിനുള്ള തന്റെടം കേന്ദ്രസർക്കാർ കാണിക്കണമായിരുന്നു.
നയതന്ത്ര പ്രതിനിധിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ല എന്ന ധാരണ തെറ്റാണ്. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിദേശ രാജ്യത്ത് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛശക്തിയാണ്.
ഇപ്പോൾ കോൺഗ്രസ് ആയിരുന്നു ഭരണത്തിൽ എങ്കിൽ എന്താകുമായിരുന്നു പുകില് എന്ന് നമുക്ക് ഊഹിക്കാം. യുഎഇ ഉദ്യോഗസ്ഥനായ റഷീദ് ഖാമിസ് അൽ അഷമിയെ രാജ്യം വിടാൻ അനുവദിച്ചത് കോൺഗ്രസ് ആണെന്നും അതിന് മുസ്ലിം ലീഗിന്റെ സമർദ്ദം ഉണ്ടായെന്നും ബിജെപി അലമുറയിടുമായിരുന്നു. ഇതിപ്പോ തീവ്രവാദ പ്രവർത്തനത്തിന് കൂട്ടുനിന്നു എന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്നവർ, 56 ഇഞ്ച് നെഞ്ചളവ് ഉള്ളവരുടെ മുന്നിലൂടെ അനായാസം നടന്നു പോയിട്ടും ആർക്കും പരാതിയില്ല. അവിടെയൊന്നും രാജ്യസ്നേഹത്തിന്റെ ബാരോമീറ്ററോ തീവ്രദേശീയതയുടെ വികാരങ്ങളോ തുളുമ്പി കണ്ടില്ല.
വിഷയം സാമ്പത്തിക കുറ്റാന്വേഷണത്തിൽ പെടുത്തി, യു എ ഇ യെ വിശ്വാസത്തിലെടുത്ത്, അറ്റാഷെയെ മാപ്പ് സാക്ഷിയാക്കി പ്രതികളെ ശിക്ഷിക്കുക എന്നതായിരുന്നു ഏറ്റവും പ്രായോഗികമായ സമീപനം.
സ്വർണ്ണം അടങ്ങിയ ബാഗ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലാണ് അയച്ചതെന്നും അത് ഉദ്യോഗസ്ഥന് വേണ്ടിയാണ് കൈകാര്യം ചെയ്തത് എന്നതുമാണ് പ്രതികളുടെ ഭാഷ്യം. എന്നാൽ, സ്വർണ്ണക്കടത്തിൽ പ്രതികളുടെ പങ്കും ലാഭവും തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കോടതിയിൽ അവരെ ശിക്ഷിക്കാൻ കഴിയൂ. ഇതിന് അറ്റാഷെയുടെ മൊഴി നിർണായകമായിരുന്നു. ആ അവസരമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന്റെ പേരിൽ, യുഎഇയിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെട്ടാലും ഇവിടെ ആരെയും ശിക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലും അത്ഭുതപ്പെടാനില്ല.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്റെ സുഹൃത്താണ് രണ്ടാം പ്രതി എന്നത് ഇതിനകം വ്യക്തമായ കാര്യമാണ്. അധികാരകേന്ദ്രങ്ങളിലുള്ളവരുമായി സൗഹൃദം ഉണ്ടാക്കി വിവിധ ബിസിനസ് ആവശ്യങ്ങൾക്കും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിച്ചതിന് അനവധി ഉദാഹരണങ്ങൾ രാജ്യത്തുണ്ട്. സ്വർണക്കടത്ത് കേസിൽ മാത്രമല്ല മറ്റേതെല്ലാം ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്നത് സമഗ്രമായ സിബിഐ അന്വേഷണം കൊണ്ട് പരിശോധിക്കാൻ കഴിയുന്നതായിരുന്നു.