പഴയ ഇന്ദിരവിരുദ്ധർ സോണിയക്കൊപ്പം.ആന്റണി അടക്കം പഴയ ഇന്ദിരവിരുദ്ധരെ ഉന്നം വെച്ച് മാത്യകുഴൽനാടൻ.ഈ ശ്വാസംമുട്ടൽ രാഹുൽ ഗാന്ധിയും അനുഭവിച്ചിട്ടുണ്ട് എന്നും തലമുറമാറ്റം വാദിച്ചിരുന്ന നേതാവ്

കൊച്ചി : കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി.സോണിയ ഗാന്ധിയും ആന്റണിയും അടക്കമുള്ളവരയുടെ കഴിവുകേടാണ് രാജിയിലേക്ക് നയിച്ചത്.പഴയ ഇന്ദിരവിരുദ്ധർ ഇപ്പോൾ സോണിയ ഗാന്ധിക്കൊപ്പം നിന്ന് പാർട്ടിയെ നശിപ്പിക്കുകയാണ് .നേതാക്കൾ എല്ലാം പാർട്ടി വിട്ടുപോവുകയാണ് . കോൺഗ്രസിനുളളിൽ മുതിർന്ന നേതാക്കളും യുവതലുറയും തമ്മിലുളള ചേരിപ്പോരാണ് സിന്ധ്യയുടെ രാജിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പാർട്ടിയിൽ ഒരു ശ്വാസം മുട്ട് ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളായെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടുന്നു. തല മുതിർന്ന നേതാക്കൾ സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇനിയും ജ്യോതിരാദിത്യമാരുണ്ടായേക്കാം എന്നും മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകുന്നു.

മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ ദു:ഖത്തോടും നിരാശയോടെയുമാണ് ഇന്നത്തെ വാർത്ത ശ്രവിച്ചത്. ജോതിരാതിത്യ സിന്ധ്യ പാർട്ടി വിട്ട് പോയതിലുള്ള നിരാശ മാത്രമല്ല കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിൻ്റെ ക്ഷീണം രാജ്യത്തിൻ്റെ കൂടി ക്ഷീണമാണ് എന്ന തിരിച്ചറിവ് കൊണ്ട് കൂടിയാണ്.

ഒരു നേതാവും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമല്ല. എന്നാൽ, എല്ലാ നേതാക്കളും പാർട്ടിക്ക് പ്രധാനം തന്നെയാണ്. പാർട്ടി വിട്ടതും ബി.ജെ.പിയിൽ ചേരുന്നതും ഒരു നിലക്കും ന്യായീകരിക്കാനാവില്ല.

പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന അപകടകരമായ ചില പ്രവണതകൾ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കോൺഗ്രസ്സിലെ ഇന്നത്തെ യഥാർത്ഥ പ്രതിസന്ധി രണ്ടാശയങ്ങൾ തമ്മിലുള്ള പൊരുത്തക്കേടാണ്. കുറച്ച് കൂടി ക്യത്യമായി പറഞ്ഞാൽ രണ്ട് തലമുറകൾ തമ്മിലുള്ള പൊരുത്തക്കേട്.

പരമ്പരാഗത ശൈലിയും പുതുതലമുറ ചിന്തകളും തമ്മിൽ ഒത്ത് പോകുന്നില്ല. ഇത് പാർട്ടിയിൽ വല്ലാത്ത ഒരു ശ്വാസം മുട്ട് ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈ ശ്വാസംമുട്ടൽ രാഹുൽ ഗാന്ധിയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അനിവാര്യമായ ഒരു തലമുറ മാറ്റത്തിൻ്റെ പ്രസവവേദനയായേ ഞാൻ ഇതിനെ കണ്ടിരുന്നുള്ളൂ. പക്ഷെ അതിന് പാർട്ടി വലിയ വില കൊടുക്കേണ്ടി വരണ്ട സ്ഥിതി ഉണ്ടാവരുത്.

ഇതിന് മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്തും സമാനമായ സ്ഥിതി വിശേഷം ഉണ്ടായിരുന്നു. അത് പാർട്ടിയുടെ പിളർപ്പിൽ ആണ് അവസാനിച്ചത്. അന്ന് കമൽനാഥ് അടക്കമുള്ള യുവനിര ഇന്ദിരാഗാന്ധിക്കൊപ്പം നിന്നപ്പോൾ തല മുതിർന്നവർ എല്ലാം അപ്പുറത്തായിരുന്നു. അവർക്ക് ഇന്ദിരയുടെ ശൈലി അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അത് അതിജീവിക്കാൻ കോൺഗ്രസ്സിനും ഇന്ദിരാഗന്ധിക്കും കഴിഞ്ഞു.

ചരിത്രത്തിൻ്റെ കാവ്യനീതി പോലെ രാഹുൽ ഗാന്ധി നേരിടുന്നതും സമാനമായ വെല്ലുവിളിയാണ്. ഇപ്പോൾ മറുവശത്ത് അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിലകൊണ്ട അന്നത്തെ യുവനിരയാണ്.

പാർട്ടിയിലെ തല മുതിർന്ന നേതാക്കൾ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം. ഇന്ന് കോൺഗ്രസ്സ് നേരിടേണ്ടത് തീവ്ര വലത് പക്ഷ രാഷട്രീയത്തിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി യേയും അവർക്ക് ആശയപരവും സംഘടനാപരവുമായ അടിത്തറ നൽകുന്ന ആർ.എസ്.എസ് നേയുമാണ്.

പരമ്പരാഗത ചിന്തയും ശൈലിയും കൊണ്ട് വിജയിക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കാലത്ത് ഈ പാർട്ടിക്ക് നൽകിയ സംഭാവനകളെ ആരും കുറച്ച് കാണുന്നില്ല. നിങ്ങൾ ഏറ്റവും മികച്ച നേതാക്കൾ തന്നെയായിരുന്നു. എന്നാൽ, ഇനിയും കോൺഗ്രസ്സ് നിലനിൽക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങൾ വഴി മാറാൻ തയ്യാറാവണം. പുതിയ ആശയങ്ങൾക്കും, പുത്തൻ ശൈലിക്കും വേണ്ടി വഴിമാറുകയാണ് വേണ്ടത്.

സമഗ്രവും കാലോചിതവുമായ ഒരു നവീകരണം, അതാണ് പാർട്ടിക്ക് ആവശ്യം. കോൺഗ്രസ്സിനെ സമ്പൂർണ്ണമായി നവീകരിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം.

അല്ലെങ്കിൽ ഈ ശ്വാസം മുട്ടലിൽ ഇനിയും ജോതിരാത്യമാരുണ്ടായേക്കാം..

Top