തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വെട്ടിലായി യതോടെ സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ പുതിയ നീക്കവുമായി സർക്കാർ. നേരത്തെ ഡോളർ കടത്ത് കേസുകൾ നേരിട്ട അതേ രീതിയിൽ ദേശീയ ഏജൻസികളുടെ അന്വേഷണം ഉണ്ടാകുന്നതിന് മുൻപ് തന്നെ സംസ്ഥാന ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിരോധം തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെ സരിത്തിനെ വിജിലൻസ് ബലമായി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയുമായും എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലുള്ള ഗൂഢാലോചന സർക്കാർ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. കെടി ജലീൽ സ്വപ്‌നയ്‌ക്കെതിരെ പോലീസിൽ പരാതി നൽകുകയും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. സംഭവത്തിൽ പിസി ജോർജിന്റെ ഉൾപ്പെടെ പങ്ക് അന്വേഷിക്കണമെന്നാണ് കെടി ജലീൽ ആവശ്യപ്പെട്ടത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. ഇത് മറികടക്കാൻ രാഷ്‌ട്രീയപരമായും നിയമപരമായും നീങ്ങാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന ഏജൻസികളെയും പോലീസിനെയും ഉപയോഗിച്ച് അന്വേഷണം നടത്താനാണ് സർക്കാർ നീക്കം. സ്വപ്‌നയുടെ വെളിപ്പെടുത്തൽ മറികടക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി മെനയുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.