കൊച്ചി :സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായ ത് .കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അതേസമയം കേസില്‍ സ്വയം കസ്റ്റംസില്‍ കീഴടങ്ങിയ ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം തീരുരങ്ങാടി രജിസ്ട്രേഷന് ഉള്ള കാര്‍ ജലാലിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയുള്ള കാറില്‍ സ്വര്‍ണ്ണകടത്തിനായി പ്രത്യേകം രഹസ്യ അറ സജ്ജീകരിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കാറിന്റെ മുന്സീറ്റിന് അടിയിലാണ് അറ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് കാര്‍ വാങ്ങിയിട്ടുള്ളത്. കാറിന്റെ രജിസ്ര്ടേഷന് ഇതുവരെ മാറിയിട്ടില്ല.
ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ജലാല്‍ കൊച്ചി കസ്റ്റംസില്‍ കീഴടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കോഴിഫാമിൽ തുടങ്ങി സ്വർണക്കടത്തു കേസുകളിൽ പിടികിട്ടാപ്പുള്ളി ആയി മാറിയ ജലാലിന്റെ ബന്ധങ്ങൾ അന്വേഷിച്ച് അന്വേഷണസംഘം മൂവാറ്റുപുഴയിലേക്കും.കോഴിഫാം നടത്തിയിരുന്ന മൂവാറ്റുപുഴ കമ്പനിപ്പടി ആര്യങ്കാലയിൽ ജലാൽ മുഹമ്മദ്(36) ഞൊടിയിടയിലാണ് കോടീശ്വരനായി മാറിയത്. യത്തീംഖാനയിൽ വളർന്ന ജലാൽ ഏഴ് വർഷം മുൻപാണ് തമിഴ്നാട്ടിൽ കോഴി ഫാം ആരംഭിച്ചത്.
തുടർന്ന് നഗരത്തിലെത്തി വിദേശത്തേക്ക് പോയി. കണ്ണടച്ച് തുറക്കും മുൻപ് സമ്പന്നനായി നാട്ടിൽ തിരികെ എത്തി സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി മടക്കം.ദരിദ്രമായ ചുറ്റുപാടിലായിരുന്ന കൗമാരകാലത്തിൽനിന്നും യുവത്വത്തിലെത്തിയപ്പോൾ അതിസമ്പന്നനായി മാറിയതിനു പിന്നിൽ കഠിനാധ്വാനം ആണെന്ന് നാട്ടുകാർ കരുതി.
2015-ൽ നെടുമ്പാശേരി വിമാനത്താവളം വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ സ്വർണക്കള്ളക്കടത്ത് വെളിച്ചത്തെത്തിയപ്പഴായിരുന്നു ജലാലിന്റെ യഥാർഥ മുഖം നാട്ടുകാരറിയുന്നത്. ഇതിൽ മൂവാറ്റുപുഴയിൽനിന്നും പത്തോളം പേർ അറസ്റ്റിലായിരുന്നെങ്കിലും പ്രധാനിയായ ജലാലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇയാൾ ഒളിവിലായിരുന്നു. ഒളിവിൽ ഇരുന്നുകൊണ്ടു തന്നെ ഉന്നതരുടെ സഹായത്തോടെ വീണ്ടും സ്വർക്കടത്തുമായി രംഗത്തെത്തി. പിന്നീട് ഇപ്പോൾ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ തന്നിലേക്ക് അന്വേഷണം നീളുന്നു എന്നറിഞ്ഞതോടെ ജലാൽ കസ്റ്റംസിൽ കീഴടങ്ങുകയായിരുന്നു.
ജലാൽ കീഴടങ്ങിയതറിഞ്ഞതോടെ ഇയാളുമായി അടുത്ത ബന്ധമുള്ള നഗരത്തിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയി.2015 ലെ കേസിൽ പിടികൊടുക്കാതെ ഇയാൾ വിദേശത്തേക്കു മുങ്ങി. അവിടെവച്ചാണ് റമീസുമായി പരിചയപ്പെടുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും റമീസിന്റെ സഹായത്തോടെ സ്വർണ്ണക്കടത്ത് വിപുലീകരിച്ചു.
ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ വിവിധ വിമാനത്താവളങ്ങൾ വഴി ജലാൽ 60കോടിയുടെ സ്വർണം കടത്തിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ. തിരുവനന്തപുരത്തുനിന്നും സ്വർണം കടത്തിയെന്നു കരുതുന്ന ജലാലിന്റെ കാറിൽ രഹസ്യ അറ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു വിശദമായ പരിശോധന നടത്തിയപ്പോൾ കാറിനു മുന്നിലെ ഇടതുവശത്തെ സീറ്റിന് അടിയിലാണ് പ്രത്യേക അറയുള്ളതായി കണ്ടെത്തിയത്. സീറ്റ് രണ്ടായി പിളർത്തി മാറ്റാവുന്ന രീതിയിലായിരുന്നു ക്രമീകരണം.