
കൊച്ചി:തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് കസ്റ്റംസ് പിടിയിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി റമീസ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെന്ന് വിവരം. അന്ന് രണ്ട് ബാഗുകളിലായി ആറു റൈഫിളുകളാണ് റമീസ് കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനല്‍ വഴിയുള്ള ഈ ശ്രമം അന്ന് കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു.സ്വര്‍ണക്കടത്തത്തിലെ പ്രധാന കണ്ണിയാണ് ഇയാള സൂചനയുണ്ട്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത സ്വപ്നയും സന്ദീപും ബെംഗളൂരുവില്‍ നിന്നു നാഗാലാന്‍ഡിലേക്ക് കടക്കാനിക്കുകയായിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. എന്‍ഐഎ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഉച്ചയോടെ കൊച്ചിയിലെത്തിച്ചു.
അതേസമയം വിമാനത്താവളത്തിലേക്ക് യുഎഇയിൽനിന്ന് നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫാസിൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിലെന്ന് സൂചന. കേസിലെ മൂന്നാം പ്രതിയായ ഇയാളെ വിട്ടുകിട്ടാൻ എൻഐഎയും കസ്‌റ്റംസും ഉടൻ നടപടി സ്വീകരിക്കും.
സ്വർണക്കടത്ത് സംഘത്തിന്റെ ദുബായ് കേന്ദ്രീകരിച്ചുള്ള പ്രധാന സൂത്രധാരൻ ഇയാളാണെന്ന് സരിത് അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഫാസിലിനെ എൻഐഎയ്‌ക്ക് ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. നയതന്ത്ര ബാഗേജിൽ സ്വർണം പിടിച്ചതോടെ യുഎഇയിലും അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിലെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും യുഎഇ എംബസി വ്യക്തമാക്കിയിരുന്നു.