കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ഇന്ന് ദു:ഖവെള്ളി.കുരിശിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണകളുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരിക്കുന്നു.ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.

പീലാത്തോസിന്‍റെ അരമനയിലെ വിചാരണ മുതല്‍ യേശുവിന്‍റെ മൃതദേഹം കല്ലറയില്‍ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. അന്ത്യ അത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യന്‍മാരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നതും തുടര്‍ന്ന് പീലാത്തോസിന്‍റെ അരമനയിലെ വിചാരണ. ശേഷം ചാട്ടവാറടിയും മുള്‍കിരീടവും. പിന്നെ ഗാഗുല്‍താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയും കുരിശുമരണവും. ഇങ്ങനെ ലോക രക്ഷകനായി എത്തിയ യേശുവിന് അനുഭവിക്കേണ്ടി വന്ന പീഡാനുഭവങ്ങളുടേയും ത്യാഗത്തിന്‍റെയും സ്മരണയായിട്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹം ദു:ഖവെള്ള ആചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ഇന്നേ ദിവസം നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം. നഗരികാണിക്കല്‍, തിരുസ്വരൂപചുംബിക്കല്‍ എന്നീ ചടങ്ങുകളും ഉണ്ട്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.kuris
മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, കനകമല വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. തിരുവനന്തപുരത്ത് ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ കുരിശിന്റെ വഴിനടക്കും. രാവിലെ 7ന് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ അങ്കണത്തിലാണ് കുരിശിന്റെ വഴിയുടെ തുടക്കം.

പരിഹാര പ്രദിക്ഷണം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ സമാപിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രാരംഭ സന്ദേശവും ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശവും നല്‍കും.

കനകമല മാര്‍തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന് വൈകീട്ട് നാലിന് വിശുദ്ധ കുരിശിന്‍റെ പ്രദക്ഷിണം നടക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളികണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രദക്ഷിണം ശ്ലീവപാതയിലൂടെ കുരിശുമുടിയിലെത്തിച്ചേരും. വൈകീട്ട് അഞ്ചിന് മാര്‍ പോളി കണ്ണൂക്കാടന്‍ പീഡാനുഭവ സന്ദേശം നല്‍കും.

ഇന്നു രാവിലെ 10.30ന് അടിവാരത്തു നിന്നാരംഭിക്കുന്ന വയനാടന്‍ ചുരത്തിലെ കുരിശിന്‍റെ വഴിയില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുക്കും. രാവിലെ 10.30ന് അടിവാരത്തെ ഗദ്സെമനില്‍ നിന്നാണ് വയനാടന്‍ ചുരത്തിലെ കുരിശിന്‍റെവഴി ആരംഭിക്കുക. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വിശ്വാസികള്‍ ചുരത്തില്‍ സ്വന്തമായി കുരിശിന്‍റെ വഴി ആരംഭിച്ചു.

ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്‍റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം അടുത്തിടെയാണ് പുറത്തിറക്കിയത്.

Top