ന്യൂഡല്‍ഹി: ലോക യോഗദിനത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ 100 യോഗ പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൂടാതെ യോഗദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജൂണ്‍ 21ന് നടക്കുന്ന യോഗ ദിനാഘോഷത്തിന്റെ പ്രധാന വേദി ലക്‌നൗവിലെ രമാബായ് അംബേദ്കര്‍ മൈതാനിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം ചടങ്ങില്‍ ഏകദേശം 55,000 പേര്‍ പങ്കെടുക്കും.
ലക്‌നൗവിലെ പാര്‍ക്കുകളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഒരേ സമയം സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ യോഗയുടെ പ്രചരണത്തിനും ഉന്നമനത്തിനുമായി പ്രധാനമന്ത്രിയുടെ പേരില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ വര്‍ഷം ചടങ്ങ് ലക്‌നൗവില്‍ നടത്താന്‍ തീരുമാനിച്ചത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത് 2014ലാണ്. 2015 ലാണ് ആദ്യ യോഗദിനാഘോഷം സംഘടിപ്പിച്ചത്.