ന്യൂഡല്‍ഹി: ഇന്ത്യ പാക്ക് വിദേശകാര്യമന്ത്രിമാര്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ കൂടിക്കാഴ്ച റദ്ദാക്കി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടില്‍ നിന്നാണ് ഇന്ത്യ പിന്മാറിയത്.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഈ സംഭവങ്ങളിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം വെളിവായതായി ഇന്ത്യ വ്യക്തമാക്കി.
ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ അതിന് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പാകിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ഇരു രാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം സാദ്ധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു.
ഇന്ത്യ- പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരു രാഷ്ട്രങ്ങള്‍ക്കും അനുയോജ്യമായ തീയതിയില്‍ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.
യുഎന്‍ ജനറല്‍ അസംബ്ലിക്കു മുന്നോടിയായി ന്യൂയോര്‍ക്കില്‍ വച്ചാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും പാക്കിസ്ഥാന്‍ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെയും കൂടിക്കാഴ്ച തീരുമാനിച്ചത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന പ്രകാരമാണ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ സമ്മതം മൂളിയത്.