ജനകീയ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു, ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്.

ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ആയിരുന്നു. 2014-ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിച്ചിരുന്നില്ല.

ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘ വിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്.

പിന്നീട് ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ, രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ 1980, 1989 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്.

രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡും സുഷമയ്ക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രിയാണ്.

Top