രാജി സ്വീകരിക്കാതെ സ്പീക്കര്‍; വിപ്പ് നല്‍കി കോണ്‍ഗ്രസ്; കര്‍ണ്ണാടകയിലെ അനിശ്ചിതത്വം തുടരുന്നു

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്. അന്തരിച്ച പ്രമുഖര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിവസത്തെ നടപടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി.യുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ഇതിനിടെ, കര്‍ണാടകയിലെ പത്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സുപ്രീംകോടതി നിര്‍ദ്ദേശം പാലിച്ച് ഇന്നലെ മുംബയില്‍ നിന്ന് ബംഗളൂരുവിലെത്തി സ്പീക്കര്‍ക്ക് നേരിട്ട് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ, ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനും പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമതരെ മെരുക്കാനുള്ള ആയുധമായാണ് കൂറുമാറ്റ നിയമം അയോഗ്യരാക്കാവുന്ന വിപ്പ് കോണ്‍ഗ്രസ് പ്രയോഗിച്ചിരിക്കുന്നത്. 26 വരെയാണ് സഭാസമ്മേളനം. വിമതരായ തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ജനതാദളും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി ഇടപെട്ടതോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

വിമതരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കറും അതേ ബെഞ്ചിനെ സമീപിച്ചു. ഇന്നലെ വൈകിട്ട് ആറു മണിക്ക് സ്പീക്കര്‍ക്ക് നേരിട്ട് രാജിനല്‍കാനാണ് വിമതരോട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഇവരുടെ ഭാഗം കേട്ടശേഷം ഇന്നലെത്തന്നെ തീരുമാനമെടുക്കണമെന്നും അത് ഇന്ന് കോടതിയെ അറിയിക്കണമെന്നും സ്പീക്കറോടും നിര്‍ദ്ദേശിച്ചു.

എന്നാല്‍ എം.എല്‍.എമാരുടെ രാജി സ്വമേധയാ ആണോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ എന്ന് ഉറപ്പാക്കാന്‍ സമയം വേണമെന്നാണ് സ്പീക്കറുടെ ഹര്‍ജിയിലെ ആവശ്യം. രാജി സ്വമേധയാ ആണെന്നും സത്യസന്ധമാണെന്നും ബോദ്ധ്യപ്പെട്ടാലേ സ്പീക്കര്‍ സ്വീകരിക്കേണ്ടതുള്ളൂ എന്നും മിന്നല്‍ വേഗത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നും സ്പീക്കറുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ബോധിപ്പിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. എം.എല്‍.എമാരുടെ ഹര്‍ജിക്കൊപ്പം ഇന്ന് പരിഗണിക്കാമെന്ന് വ്യക്തമാക്കി.

പത്ത് എം.എല്‍.എമാരും ആറ് മണിക്ക് മുന്‍പേ വിധാന്‍ സൗധയില്‍ എത്തി സ്പീക്കര്‍ക്ക് രാജി കൈമാറി. എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് വിധാന്‍ സൗധ വരെ പൊലീസ് ട്രാഫിക് നിയന്ത്രിച്ചിരുന്നു. പൊലീസ് വലയത്തിലാണ് എം.എല്‍.എമാരെ വിധാന്‍ സൗധയിലേക്ക് കടത്തിയതും. തങ്ങളുടെ രാജി അംഗീകരിക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണമെന്നും തങ്ങളെ അയോഗ്യരാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് വിമതര്‍ കോടതിയെ സമീപിച്ചത്.

Top