തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമേകി സര്‍ക്കാര്‍ രംഗത്തെത്തി. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പറയുന്നത്. മലാപ്പറമ്പ് എയുപി സ്‌കൂള് സര്‍ക്കാര്‍ വഴി തുറന്നു പ്രവര്‍ത്തിക്കും. നാല് സ്‌കൂളൂകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തീരുമാനം വന്നിരിക്കുന്നത്. സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്ന് നിയമസെക്രട്ടറി മന്ത്രിസഭയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയാവും സ്‌കൂളുകള്‍ ഏറ്റെടുക്കുക. ഇത്തരത്തില്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസ്സം ഇല്ലെന്നാണ് നിയമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് മൂന്ന് സ്‌കൂളുകളും ഏറ്റെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നിവയാണ് മറ്റ് മൂന്ന് സ്‌കൂളുകള്‍. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.